Culture

ശബരിമല കോടതി വിധി നടപ്പാക്കിയാല്‍ രാജ്യം കത്തും: കലാപാഹ്വാനവുമായി പ്രവീണ്‍ തൊഗാഡിയ

By ചന്ദ്രിക വെബ് ഡെസ്‌ക്‌

October 14, 2018

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കിയാല്‍ രാജ്യം കത്തുമെന്ന് പ്രവീണ്‍ തൊഗാഡിയ. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചാല്‍ ഒക്ടോബര്‍ 17ന് രാത്രി മുതല്‍ 18ന് രാത്രി വരെ ഹര്‍ത്താല്‍ നടത്തും. ഹര്‍ത്താല്‍ കേരളത്തിലാണെങ്കിലും രാജ്യം മുഴുവന്‍ പ്രതിഷേധം ആളിക്കത്തും. ക്ഷേത്ര വിമോചനമാണ് സംഘടന ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ശബരിമല രക്ഷായാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസി സമൂഹത്തിന്റെ അഭിമാനം സംരക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്നും വിഷയത്തില്‍ ഉടന്‍ പുനഃപരിശോധനാ ഹരജി നല്‍കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു. രാജ്യത്തെ മുഴുവന്‍ ക്ഷേത്രങ്ങളും സര്‍ക്കാറിന്റെ അധികാരത്തില്‍ നിന്ന് മോചിപ്പിക്കണം. ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് വിട്ടു നല്‍കുകയാണ് വേണ്ടത്. ഹൈക്കോടതി മേല്‍നോട്ടത്തില്‍ ക്ഷേത്രഭരണം നടത്തണം. കേന്ദ്രം ഇതിനായി നടപടിയെടുക്കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.