kerala

ഫലസ്തീന്‍ ജനതയ്ക്കു വേണ്ടി പ്രാര്‍ഥിക്കുക: സാദിഖലി തങ്ങള്‍

By webdesk11

October 13, 2023

കോഴിക്കോട്: ഇസ്രാഈലിന്റെ അധിനിവേശ അക്രമങ്ങള്‍ക്ക് ഇരയാകുന്ന ഫലസ്തീന്‍ ജനതയ്ക്കു വേണ്ടി പ്രാര്‍ഥിക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. പശ്ചിമേഷ്യയില്‍ സമാധാനാന്തരീക്ഷം സാധ്യമാക്കാന്‍ ലോകരാജ്യങ്ങള്‍ ഇടപെടണം. കാലങ്ങളായി ഇസ്രാഈല്‍ ഫലസ്തീനുമേല്‍ ആധിപത്യം നേടാന്‍ ശ്രമിക്കുകയാണ്. നിരന്തരമായ ആക്രമണങ്ങള്‍ കൊണ്ട് ഫലസ്തീന്‍ എന്ന രാജ്യത്തെ തുടച്ചുനീക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഹമാസിന്റെ ആക്രമണങ്ങള്‍ പൊടുന്നനെ സംഭവിച്ചതല്ല. നിരന്തരമായി ആക്രമിക്കപ്പെടുമ്പോഴുള്ള തിരിച്ചടി മാത്രമായിരുന്നു അത്. ഇസ്രാഈല്‍ ആക്രമിക്കപ്പെടുമ്പോള്‍ മാത്രം ഇരവാദം പറയുന്നതും ജീവന്റെ മൂല്യത്തെക്കുറിച്ച് വാചാലമാകുന്നതും ശരിയായ നിലപാടല്ല. ജന്മനാട്ടില്‍നിന്ന് അധിനിവേശ ശക്തികളുടെ അക്രമം കാരണം പലായനം ചെയ്യുന്ന ഫലസ്തീന്‍ ജനതയുടെ ചെറുത്തുനില്‍പ്പുകളെ ചരിത്ര പശ്ചാത്തലത്തില്‍ വേണം സമീപിക്കാനെന്നും തങ്ങള്‍ പറഞ്ഞു.