ലക്‌നോ: യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ വീണ്ടും ജാതി വിവേനം. മേല്‍ജാതിക്കാരിയുടെ ബക്കറ്റ് അബദ്ധത്തില്‍ തൊട്ടതിന് ഗര്‍ഭിണിയായ ദളിത് യുവതിയെ ചവിട്ടിയും മര്‍ദ്ദിച്ചും കൊലപ്പെടുത്തി.

ബുലന്ദ്ഷര്‍ സ്വദേശിയായ സാവിത്രി ദേവിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബക്കറ്റ് ‘അശുദ്ധ’മാക്കിയെന്ന് ആരോപിച്ചായിരുന്നു താക്കൂര്‍ വിഭാഗത്തില്‍പ്പെട്ട അഞ്ജു എന്ന സ്ത്രീ സാവിത്രിയെ ആക്രമിച്ചത്.

ഗര്‍ഭിണിയായ സാവിത്രിയുടെ വയറ്റില്‍ ആഞ്ഞു ചവിട്ടിയതിനു ശേഷം തല പിടിച്ച് ചുവരില്‍ ഇടിക്കുകയും ചെയ്തു. സാവിത്രിയുടെ ആറു വയസ്സുകാരിയായ മകളുടെ മുന്നില്‍ വെച്ചായിരുന്നു ആക്രമണം. തടയാന്‍ ശ്രമിച്ച മകള്‍ക്കും പരിക്കേറ്റു.

up-759
സാവിത്രിയുടെ ആറു വയസുകാരി മകള്‍ പ്രീതി

ഒക്ടോബര്‍ 15ന് ഖേതാല്‍പൂര്‍ ബന്‍സോലിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതി ഇന്നു രാവിലെയോടെ മരിച്ചു. സാവിത്രിയുടെ ഗര്‍ഭസ്ഥ ശിശുവിനെയും രക്ഷിക്കാനായില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് പരിസരവാസികള്‍ പറയുന്നത് ഇങ്ങനെ:

വീടുകളില്‍ മാലിന്യം ശേഖരിക്കുന്ന ജോലിയാണ് സാവിത്രിക്ക്. സംഭവദിവസം ചപ്പുചവറുകള്‍ ശേഖരിക്കുന്നതിനിടെ ഒരു റിക്ഷയില്‍ തട്ടി സാവിത്രി നിലത്തു വീണു. ഇതിനിടയില്‍ സമീപത്തുണ്ടായ അഞ്ജുവിന്റെ ബക്കറ്റ് അറിയാതെ സാവിത്രി തട്ടിപോയി.

ഇതോടെ ക്ഷുഭിതയായ അഞ്ജുവും മകന്‍ റോഹിതും ചേര്‍ന്ന് സാവിത്രിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പൂര്‍ണ ഗര്‍ഭിണിയായ സാവിത്രിയുടെ അടിവയറ്റില്‍ ചവിട്ടുകയും തല പിടിച്ച് ചുവരില്‍ ഇടിക്കുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ സാവിത്രിയെ ആസ്പത്രിയില്‍ പ്രവേശിച്ചെങ്കിലും ആറു ദിവസത്തിനു ശേഷം മരിക്കുകയായിരുന്നു.
സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയെങ്കിലും ഇതുവരെയും ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്ന് സാവിത്രിയുടെ ഭര്‍ത്താവ് ദിലീപ് കുമാര്‍ പറഞ്ഞു.