പത്തനംതിട്ട: രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിനായി പത്തനംതിട്ടയിൽ നിർമിച്ച ഹെലിപ്പാഡിന്റെ നിർമാണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി ഉയർന്നു. പത്തനംതിട്ട സ്വദേശി റഷീദ് ആനപ്പാറയാണ് രാഷ്ട്രപതി, മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവർക്ക് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടറോട് റവന്യൂ മന്ത്രി നിർദേശം നൽകി.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ഒക്ടോബർ 21-നുണ്ടായ ശബരിമല സന്ദർശനത്തോടനുബന്ധിച്ച് പത്തനംതിട്ട പ്രമാടത്താണ് ഹെലിപ്പാഡ് നിർമിച്ചത്. കാലാവസ്ഥ മോശമായതിനാൽ നിലക്കലിൽ ലാൻഡിങ് സാധ്യമാകാതെ വന്നതോടെയാണ് അടിയന്തിരമായി പ്രമാടത്ത് മൂന്ന് ഹെലിപ്പാഡുകൾ നിർമിച്ചത്.
എന്നാൽ ലാൻഡ് ചെയ്ത ഹെലികോപ്റ്ററിന്റെ ചക്രങ്ങൾ ഹെലിപ്പാഡിലെ കോൺക്രീറ്റിൽ താഴ്ന്നത് വലിയ വിവാദമായി. താഴ്ന്ന ഹെലികോപ്റ്റർ പിന്നീട് സുരക്ഷാ ജീവനക്കാർ തള്ളി നീക്കേണ്ടി വന്നു. കോൺക്രീറ്റ് പൂർണമായി സെറ്റ് ആവാത്തതാണ് ഹെലികോപ്റ്റർ താഴാൻ കാരണമെന്നായിരുന്നു വിശദീകരണം.
ഹെലിപ്പാഡ് നിർമാണത്തിനായി പൊതുഖജനാവിൽ നിന്ന് 20 ലക്ഷം രൂപ ചെലവാക്കിയെന്ന രേഖകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നു. വിഐപി വിസിറ്റ് ഫണ്ടിൽ നിന്നാണ് പൊതുമരാമത്ത് വകുപ്പ് തുക അനുവദിച്ചത്. രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടാക്കിയ ഹെലിപ്പാഡ് വൻ തുക ചെലവഴിച്ചാണ് നിർമിച്ചതെന്ന് വ്യക്തമായതോടെ വിഷയത്തിൽ സർക്കാർ കടുത്ത വിമർശനങ്ങൾക്ക് വിധേയമായി.
ഹെലിപ്പാഡ് നിർമാണത്തിലെ അപാകതകളെ ചൂണ്ടിക്കാട്ടി ബിജെപിയും കോൺഗ്രസും ശക്തമായ വിമർശനം ഉന്നയിച്ചിരിക്കുകയാണ്.