kerala

വാര്‍ത്താസമ്മേളന പരാമര്‍ശങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു; കൂടുതല്‍ വിശദീകരണവുമായി ബാദുഷ

By sreenitha

January 28, 2026

ചലച്ചിത്ര നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ തന്നില്‍ നിന്നും 20 ലക്ഷം രൂപ കടം വാങ്ങി തിരിച്ചു നല്‍കിയില്ലെന്ന നടന്‍ ഹരീഷ് കണാരന്റെ ആരോപണത്തിനെതിരെ പ്രതികരണവുമായി ബാദുഷ വാര്‍ത്താ സമ്മേളനം നടത്തിയത്. ആരോപണത്തിനെതിരെ കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. വാര്‍ത്താ സമ്മേളനത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടെന്ന് ബാദുഷ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ബാദുഷയുടെ കുറിപ്പ്

കഴിഞ്ഞ ദിവസം ഞാന്‍ നടത്തിയ വാര്‍ത്താ സമ്മേളനവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ വ്യാഖ്യാനങ്ങള്‍ പലേടത്തു നിന്നുമുണ്ടായ സാഹചര്യത്തിലാണ് ഈ കുറിപ്പ്.

ആര്‍ട്ടിസ്റ്റുകളെ പ്രോപ്പറയി മാനേജ് ചെയ്യുക അഥവാ സെലിബ്രിറ്റി മാനേജ്‌മെന്റ് വളരെ പ്രൊഫഷണലായ ഒരു മേഖല സിനിമാരംഗത്തുണ്ട്. കഴിഞ്ഞ കുറെക്കാലമായി ഞാന്‍ അത് ചെയ്യുന്നുണ്ട്. എന്റെ ബന്ധങ്ങളും പരിചയവുമൊക്കെ അത് വളരെ നന്നായി ചെയ്യാന്‍ എന്നെ സഹായിച്ചിട്ടുണ്ട്.

നടന്റെ അല്ലെങ്കില്‍ നടിയുടെ ഡേറ്റ് മാനേജ്‌മെന്റ്, അവസരങ്ങള്‍ ഉറപ്പ് വരുത്തുക, കൃത്യമായി ശമ്പളം വാങ്ങി നല്‍കുക അടക്കമുള്ള കാര്യങ്ങള്‍ ഇതില്‍ വരും.

എന്റെ ബന്ധങ്ങളും മികവും മനസ്സിലാക്കി ശ്രീ. ഹരീഷ് കണാരന്‍ എന്നെ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ കാര്യങ്ങള്‍ ചെയ്യുന്നതിന് എന്നെ ഏല്‍പ്പിക്കുകയും ചെയ്യുന്നത്. അദ്ദേഹത്തിന്റെ കഴിവിനെ വളരെ ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ വളരെ സന്തോഷത്തോടെ ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്ക് നിര്‍മാതാവല്ലേ ശമ്പളം കൊടുക്കേണ്ടത്?

അതെ. എന്നാല്‍ 72 സിനിമകളില്‍ പതിനാറ് സിനിമകള്‍ മാത്രമേ ഞാന്‍ പ്രൊഡ. കണ്‍ട്രാളറായിട്ടുള്ളവയുള്ളൂ. അതിന്റെ പ്രതിഫലം എനിക്ക് നിര്‍മാതാവ് നല്‍ക്കിയിട്ടുണ്ട്.ബാക്കി സിനിമകളില്‍ ഞാന്‍ ഹരീഷിനു വേണ്ടി ജോലി ചെയതിട്ടുള്ളതാണ്. അതിനുള്ള പ്രതിഫലം സ്വാഭാവികമായും നല്‍കേണ്ടത് ഹരീഷ് ആണെന്നാണ് എന്റെ വിശ്വാസം. പരാമര്‍ശ വിധേയരായ മറ്റ് രണ്ട് കലാകാരന്മാര്‍ക്കും ഇതേക്കുറിച്ച് ധാരണയുള്ളവരാണ്. ഹരീഷിന് അതില്ലാതെ പോയതെന്താണ് എനിക്ക് മനസ്സിലാകുന്നില്ല.

അക്കാര്യത്തെക്കുറിച്ചാണ് പത്രസമ്മേളനത്തില്‍ പരാമര്‍ശിച്ചത്.

പ്രതികരിക്കാന്‍ വൈകിയത്

വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ എനിക്കെതിരേ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഞാന്‍ കൂടുതലായി പ്രതികരിച്ചിരുന്നില്ല.

ആദ്യം തന്നെ പറയട്ടെ.. ഹരീഷില്‍ നിന്ന് ഇത്തരത്തില്‍ ഒരു പ്രതികരണമുണ്ടായത് തന്നെ എന്നെ ഞെട്ടിച്ചു. എന്റെ പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളിലുമായിരുന്നു ഞാന്‍. അതിനാലാണ് കൂടുതല്‍ പ്രതികരിക്കാത്തത്.

സത്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല.

ഇനി എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ..

ഇനി ഇക്കാര്യവുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണത്തിനുമില്ല.

എല്ലാവരോടും സ്‌നേഹം മാത്രം..

-ബാദുഷ