kerala

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; പൊതു സ്ഥലങ്ങളില്‍ അനുമതിയില്ലാതെ ബോര്‍ഡുകള്‍ സ്ഥാപിച്ചു, BJP ജില്ലാകമ്മിറ്റിക്ക് കോര്‍പ്പറേഷന്റെ നോട്ടീസ്

By webdesk17

January 24, 2026

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പൊതു സ്ഥലങ്ങളില്‍ ഫ്‌ലക്‌സ് ബോര്‍ഡുകളും ബാനറുകളും അനുമതിയില്ലാതെ സ്ഥാപിച്ചതില്‍ ബിജെപി ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടി തിരുവനന്തപുരം കോര്‍പ്പറേഷന്റെ നോട്ടീസ്. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും മറ്റും നീക്കണമെന്നാവശ്യപ്പെട്ടിട്ടും പാലിക്കാത്തതിനാലാണ് സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനോട് കോര്‍പ്പറേഷന്‍ സെക്രട്ടറി വിശദീകരണം ചോദിച്ചത്. ജില്ലാ കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കോര്‍പ്പറേഷന്‍ സെക്രട്ടറി ജില്ലാ കമ്മിറ്റിക്ക് നോട്ടീസ് അയച്ചത്.

ബുധന്‍, വ്യാഴം ദിവസങ്ങളിലായാണ് പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ബോര്‍ഡുകളും ബാനറുകളും നഗരത്തിലുടനീളം സ്ഥാപിച്ചത്. നടപ്പാതകളിലും ഡിവൈഡറുകളിലും അപകടകരമായ രീതിയില്‍ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ വെച്ചിരുന്നു. പിന്നാലെ വ്യാപകമായ പരാതികളും ഉയര്‍ന്നു. രണ്ട് മണിക്കൂറിനുള്ളില്‍ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ നീക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റിന് കോര്‍പറേഷന്‍ കത്ത് നല്‍കിയത്.

പ്രധാനമന്ത്രി മടങ്ങിയിട്ടും നിരവധി സ്ഥലങ്ങളില്‍ നിന്ന് ഇപ്പോഴും ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്തിട്ടില്ല.