Culture

‘താന്‍ മമ്മൂട്ടി ഫാന്‍സ് അംഗമല്ല. പാര്‍വതിക്കെതിരെ മോശമായ രീതിയില്‍ ഒരു കമന്റും ചെയ്തിട്ടില്ല’; കേസില്‍ അറസ്റ്റിലായ പ്രിന്റോ

By chandrika

December 29, 2017

നടി പാര്‍വതിക്കെതിരെ മോശമായ രീതിയില്‍ ഒരു കമന്റും ചെയ്തിട്ടില്ലെന്ന് കേസില്‍ അറസ്റ്റിലായ പ്രിന്റോ. പോലീസ് തന്നെ കൊലക്കേസ് പ്രതികളെ കൈകാര്യം ചെയ്യുന്നത് പോലെയാണ് പെരുമാറിയതെന്ന് പ്രിന്റോ പറഞ്ഞു. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രിന്റോയെ ജാമ്യത്തില്‍ വിട്ടിരുന്നു.

നടി പാര്‍വതിക്കെതിരെ മോശമായ രീതിയില്‍ ഒരു കമന്റും ചെയ്തിട്ടില്ല. വ്യക്തിപരമായ താല്‍പര്യത്തിന്റെ പേരില്‍ മാത്രമാണ് കമന്റ് രേഖപ്പെടുത്തിയിരുന്നത്. ബാക്കിയൊക്കെ എന്റെ മേല്‍ കെട്ടിച്ചമച്ചതാണ്. ഇതില്‍ ഞാന്‍ മാത്രമല്ല, എന്റെ കമന്റിന് താഴെ പാര്‍വതിയെ പിന്തുണയ്ക്കുന്ന ആളുകള്‍ തന്നെ എനിക്കെതിരെ മോശമായി സംസാരിച്ചിരുന്നു. അതൊന്നും അവര്‍ നോക്കിയിട്ടില്ല. പാര്‍വതിക്കെതിരെ എഴുതിയവരെ മാത്രമാണ് പൊലീസ് പിടികൂടുന്നതെന്നും പ്രിന്റോ പറഞ്ഞു. താന്‍ മമ്മൂട്ടി ഫാന്‍സ് അംഗമല്ല. വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന തന്നെ വീടു വളഞ്ഞ് ഒരു കൊലക്കേസ് പ്രതിയെ തൂക്കിയെടുത്ത് കൊണ്ടുപോകുന്നത് പോലെയായിരുന്നു പൊലീസ് കൊണ്ടുപോയതെന്നും പ്രിന്റോ പറയുന്നു.

അതേസമയം, സെക്ഷന്‍ 67എ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പ്രിന്റോയെ പാര്‍വ്വതിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി ജാമ്യത്തില്‍ വിടുകയായിരുന്നു.