kerala

എറണാകുളം സബ് ജയിലിൽ നിന്ന് തടവുകാരൻ ചാടിപ്പോയി

By webdesk14

January 25, 2025

കൊച്ചി: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾക്കിടെ എറണാകുളം സബ് ജയിലിൽ നിന്ന് തടവുകാരൻ ചാടിപ്പോയി. ലഹരിക്കേസിൽ പിടിയിലായ പശ്ചിമബംഗാൾ സ്വദേശി മണ്ഡി ബിശ്വാസാണ് ജയിൽ ചാടിയത്.

ഇന്ന് ഉച്ചക്ക് 2.45-ഓടെയാണ് ബിശ്വാസ് ജയിൽ ചാടിയത്. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് ഊർജിതമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ജനൽ വഴിയാണ് ഇയാൾ ചാടിപ്പോയത് എന്നാണ് വിവരം. ലഹരി വിൽപ്പനക്കേസിൽ റിമാൻഡിലായ പ്രതിയെ കഴിഞ്ഞ ദിവസമാണ് ജയിലിലെത്തിച്ചത്.

ഒരാഴ്ച മുൻപാണ് കഞ്ചാവുമായി മണ്ഡി ബിശ്വാസ് ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടുന്നത്. മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ഇയാൾ ജയിൽ ചാടുന്നത്.