മുംബൈ: സ്വകാര്യ കോളജിലെ ഗണിതശാസ്ത്ര അധ്യാപകനായ 33 കാരന്‍ മുംബൈയില്‍ ട്രെയിനില്‍ കുത്തേറ്റ് മരിച്ചു. ശനിയാഴ്ച വൈകീട്ട് മലദ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വൈല്‍ പാര്‍ലെയിലെ നാര്‍സി മോഞ്ചി കോളജ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇക്കണോമിക്സിലെ അധ്യാപകനായ അലോക് കുമാര്‍ സിങ്ങാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചര്‍ച്ച്‌ഗേറ്റ്‌ബോറിവാലി സ്ലോ ട്രെയിനിലെ സെക്കന്‍ഡ് ക്ലാസ് കോച്ചില്‍ അലോക് സിങ് മറ്റൊരു അധ്യാപകനോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. മലദ് സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് അലോക് സിങിനും പ്രതിക്കും ഇടയില്‍ തര്‍ക്കമുണ്ടായത്. പ്ലാറ്റ്‌ഫോം നമ്പര്‍ ഒന്നില്‍ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്.
വാക്കേറ്റത്തിനിടെ പ്രതി മൂര്‍ച്ചയുള്ള ആയുധം പുറത്തെടുത്ത് അലോക് സിങ്ങിന്റെ വയറ്റില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതി സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയും ചെയ്തു. സഹപ്രവര്‍ത്തകനും പൊലീസും ചേര്‍ന്ന് അലോക് സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും, കത്തിക്കുത്തിനെ തുടര്‍ന്ന് അമിതമായി രക്തം നഷ്ടപ്പെട്ടതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
മലദ് സ്റ്റേഷനില്‍ യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് തര്‍ക്കം ആരംഭിച്ചതെന്ന് പശ്ചിമ റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍, സംഭവം നടന്നതിന് 12 മണിക്കൂറിനുള്ളില്‍ 27 വയസുള്ള ദിവസവേതന തൊഴിലാളിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
2024 മാര്‍ച്ചിലാണ് അലോക് കുമാര്‍ സിങ് നാര്‍സി മോഞ്ചി കോളജില്‍ ഗണിതശാസ്ത്ര അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചതെന്ന് പൊലീസ് അറിയിച്ചു.