News

യുഎസിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നു വീണു; ഏഴുപേർ മരിച്ചു

By sreenitha

January 27, 2026

വാഷിങ്ടൺ: യുഎസിലെ മെയ്ൻ സംസ്ഥാനത്ത് സ്വകാര്യ ജെറ്റ് വിമാനം തകർന്നുവീണ് ഏഴുപേർ മരിച്ചു. മെയ്‌നിലെ ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം നടന്നത്. വിമാനത്തിലുണ്ടായിരുന്ന എട്ടുപേരിൽ ക്രൂ അംഗമായ ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടതായി യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) അറിയിച്ചു.

അഞ്ച് യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി പ്രാദേശിക സമയം 7.45 ഓടെയായിരുന്നു അപകടം. ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചിടുകയും ചെയ്തു. ബോസ്റ്റണിൽ നിന്ന് ഏകദേശം 200 മൈൽ വടക്കായാണ് ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

കനത്ത മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും നിലനിൽക്കുന്നതിനിടെയാണ് ബോംബാർഡിയർ ചലഞ്ചർ 600 ശ്രേണിയിൽപ്പെട്ട വിമാനം അപകടത്തിൽപ്പെട്ടത്. റൺവേയിൽ നിന്ന് പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനത്തിന് തീപിടിച്ചതായും റിപ്പോർട്ടുണ്ട്. സംഭവസമയത്ത് പ്രദേശത്ത് ശക്തമായ മഞ്ഞുവീഴ്ച ഉണ്ടായിരുന്നതായി അധികൃതർ സ്ഥിരീകരിച്ചു.

അതേസമയം, യുഎസിലുടനീളം തുടരുന്ന കനത്ത ഹിമക്കാറ്റിനെ തുടർന്ന് 5,303 വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. 4,380 വിമാന സർവീസുകൾ വൈകുന്നതായും റിപ്പോർട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ച യാത്രകളെ ഗുരുതരമായി ബാധിക്കുകയും ഗതാഗത ശൃംഖലകൾ താറുമാറാകുകയും ചെയ്തിരിക്കുകയാണ്.