തിരുവനന്തപുരം: സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ അധ്യാപകര്‍ക്ക് മിനിമം വേതനം അനുവദിക്കുന്നത് സംബന്ധിച്ച കരടുബില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണെന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍. ഈ മേഖലയിലെ തസ്തികകള്‍ മിനിമം വേതനത്തിന്റെ പരിധിയില്‍ കൊണ്ടു വരുന്നതിനായി മിനിമം വേതന നിയമത്തില്‍ ഭേദഗതി കൊണ്ടു വരുന്നത് സര്‍ക്കാര്‍ പരിഗണിച്ചു വരികയാണെന്നും അദ്ദേഹം നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ വ്യക്തമാക്കി.

ചെറുകിട തോട്ടങ്ങളിലെ തൊഴിലാളികളെ മിനിമം വേതനത്തിനു കീഴില്‍ ഉള്‍പ്പെടുത്തും. പുതുതായി 10 മേഖലകളില്‍ മിനിമം വേതനം പുതുക്കി നിശ്ചയിച്ച് അന്തിമ വിജ്ഞാപനം ഇറക്കുകയും മൂന്നു മേഖലകളില്‍ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. മിനിമം വേതനം പുതുക്കി മൂന്നു വര്‍ഷം പൂര്‍ത്തിയായ ബാക്കിയുള്ള മേഖലകളില്‍ കൂടി മിനിമം വേതനം പുതുക്കി നിശ്ചയിക്കാന്‍ മിനിമം വേതന ഉപദേശക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വനാവകാശ നിയമപ്രകാരം 4075 പേര്‍ക്കുകൂടി മാര്‍ച്ച് 31നകം ഭൂമി വിതരണം ചെയ്യുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഭൂരഹിതരായ 12,435 പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ ആദിവാസികളുടെ ഭൂപ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വനാവകാശ നിയമപ്രകാരം ഇതുവരെ 25,081 പേര്‍ക്ക് 33778 ഏക്കര്‍ സ്ഥലം വിതരണം ചെയ്തിട്ടുണ്ട്. ഇതിനു പുറമെ 164 സാമൂഹിക അവകാശങ്ങള്‍ക്കും 204 ഏക്കര്‍ ഭൂമിക്ക് വികസനാവകാശങ്ങള്‍ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് അംബേദ്കര്‍ ഗ്രാമപദ്ധതിയുടെ ഭാഗമായി 280 പട്ടികജാതി സങ്കേതങ്ങള്‍ വികസിപ്പിക്കും. ഒരു നിയമസഭാ മണ്ഡലത്തിലെ രണ്ട് പട്ടികജാതി കോളനികകള്‍ വീതമാണ് വികസിപ്പിക്കുന്നത്. ഒരു കോടി രൂപ വീതം ഇതിനായി ചെലവഴിക്കും. വനാവകാശ നിയമപ്രരകാരം ലഭ്യമായ ഭൂമിയില്‍ കൃഷിചെയ്യുന്നതിന് ഒരു തടസവുമില്ല. തടസമുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വനം മന്ത്രി കെ രാജുവും അറിയിച്ചു. ഇടുക്കി കലക്‌ട്രേറ്റിന് മുമ്പില്‍ ആറുവര്‍ഷമായി സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. ഇതിനായി റവന്യു വകുപ്പിന്റെ പരിശോധനകള്‍ നടക്കുകയാണ്.
പിന്നാക്ക സമുദായ കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് 10 ഉപജില്ലാ ഓഫിസുകള്‍ കൂടി ആരംഭിക്കുമെന്നും എ.കെ ബാലന്‍ അറിയിച്ചു.
നെയ്യാറ്റിന്‍കര, പത്തനാപുരം, കരുനാഗപ്പള്ളി, ചേര്‍ത്തല, ദേവികുളം, മൂവാറ്റുപുഴ, വടക്കഞ്ചേരി, പേരാമ്പ്ര, കൂത്തുപറമ്പ്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് ഓഫിസുകള്‍ തുറക്കുക.കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മൂന്ന് ക്രാഫ്റ്റ് വില്ലേജ് കൂടി തുടങ്ങും.