മുംബൈ: മിസ് ഇന്ത്യ മത്സരത്തിന്റെ അവസാന റൗണ്ടില്‍ നടി പ്രിയങ്ക ചോപ്ര ജഡ്ജസിന് നല്‍കിയ ഉത്തരം വൈറലാവുന്നു. തന്റെ പതിനെട്ടാം വയസ്സിലാണ് പ്രിയങ്ക ചോപ്ര മിസ് ഇന്ത്യ കിരീടം ചൂടുന്നത്. 20 വര്‍ഷങ്ങള്‍ക്കു മുമ്പ് മിസ് ഇന്ത്യ മത്സരത്തിന്റെ അവസാന റൗണ്ടില്‍ ജഡ്ജസ് തൊടുത്ത രസകരമായ ചോദ്യത്തിന് പ്രിയങ്ക നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

മിസ് ഇന്ത്യ കിരീടം പ്രിയങ്കയുടെ തലയില്‍ ചാര്‍ത്തും മുമ്പ്, മത്സരത്തിന്റെ അവസാനറൗണ്ടില്‍ ആതിഥേയനായ രാഹുല്‍ ശര്‍മയാണ് പ്രിയങ്കയോട് ആ രസകരമായ ചോദ്യം ചോദിച്ചത്. ‘ഏദന്‍തോട്ടത്തിലെ പൊലീസ് ഓഫീസറാണ് നിങ്ങളെങ്കില്‍ പാപം ചെയ്ത കുറ്റത്തിന് നിങ്ങള്‍ ആരെയാണ് ശിക്ഷിക്കുക, ആദമിനെയോ ഹവ്വയേയോ സര്‍പ്പത്തെയോ?’

‘ഞാന്‍ ഏദന്‍തോട്ടത്തിലെ പോലീസ് ഉദ്യോഗസ്ഥയായിരുന്നുവെങ്കില്‍, സര്‍പ്പമായെത്തിയ സാത്താനെ ശിക്ഷിക്കും. തിന്മ സൃഷ്ടിക്കപ്പെട്ടതല്ല, ഉത്തേജിപ്പിക്കപ്പെട്ടതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. സാത്താന്‍ ശരിയാണെന്ന് ഹവ്വ കരുതി, അവള്‍ അവനെ വിശ്വസിച്ചു. പക്ഷപാതമില്ലാതെ നല്ലതും ചീത്തയും തമ്മില്‍ മനസ്സിലാക്കുക എന്നതിനെ കുറിച്ചുള്ള ധാര്‍മ്മികതയാണ് ഇതില്‍ നിന്നും നമുക്ക് ലഭിക്കുന്നത്.’ എന്നായിരുന്നു പ്രിയങ്കയുടെ ഉത്തരം. മിസ് ഇന്ത്യയുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.