india

റോയല്‍ എന്‍ഫീല്‍ഡില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്കയും; ബിഹാറിലെ വോട്ടര്‍ അധികാര്‍ യാത്രയില്‍ അണിചേര്‍ന്ന് എംകെ സ്റ്റാലിനും

By Lubna Sherin K P

August 27, 2025

വോട്ട് കൊളളയ്ക്കെതിരെ ബിഹാറില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ അണിചേര്‍ന്ന് എംകെ സ്റ്റാലിനും. മുസഫര്‍പൂര്‍ ജില്ലയിലൂടെയാണ് വോട്ടര്‍ അധികാര്‍ യാത്ര ഇന്ന് കടന്നുപോകുന്നത്. രാഹുല്‍ ഗാന്ധിയും ആര്‍ജെഡി നേതാവ് തേജസ്വി യാദവും റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളിലാണ് ഇന്ന് യാത്ര നയിച്ചത്. വയനാട് എംപി പ്രിയങ്കാ ഗാന്ധിയും യാത്രയില്‍ ഇന്ന് പങ്കെടുത്തു. രാഹുലിനൊപ്പം ബൈക്കിന് പിന്നിലിരുന്നാണ് പ്രിയങ്ക വോട്ടര്‍ അധികാര്‍ യാത്രയില്‍ അണിചേര്‍ന്നത്.

ഭരണഘടനയെ സംരക്ഷിക്കാന്‍ ജനങ്ങള്‍ തങ്ങളുടെ വോട്ടവകാശം സംരക്ഷിക്കണമെന്ന് ചൊവ്വാഴ്ച ദര്‍ഭംഗയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലൂടെ ‘വോട്ട് ചോറി’ (വോട്ട് മോഷണം) നടത്തുകയാണ്. വോട്ടുചെയ്യാനുള്ള അവകാശം സംരക്ഷിക്കാനും ഭരണഘടന സംരക്ഷിക്കാനും ജനങ്ങള്‍ മുന്നോട്ട് വരണം,’ രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ബിഹാര്‍ വീണ്ടും ഇന്ത്യയുടെ ജനാധിപത്യ പോരാട്ടത്തിന്റെ പ്രഭവകേന്ദ്രമായി മാറിയിരിക്കുകയാണ്. വോട്ടര്‍മാരെ ഇല്ലാതാക്കിയോ സ്ഥാപനങ്ങളെ ഹൈജാക്ക് ചെയ്തോ ബിജെപിക്ക് ജനശക്തിയെ തകര്‍ക്കാന്‍ കഴിയില്ലെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു.

ഗുജറാത്തില്‍ പത്തോളം രാഷ്ട്രീയ പാര്‍ട്ടികള്‍ 43,000 കോടി രൂപ തെരഞ്ഞെടുപ്പ് ഫണ്ടായി സ്വീകരിച്ചെന്നും 39 ലക്ഷം രൂപ മാത്രമാണ് ചെലവായി രേഖകളില്‍ കാണിച്ചിരിക്കുന്നതെന്നും ഇനി ഇതിനും താന്‍ സത്യവാങ്മൂലം തരേണ്ടി വരുമോ എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

വോട്ട് കൊളളയിലൂടെ രാജ്യത്ത് ഇനിയും അധികാരം പിടിക്കാമെന്നാണ് അവര്‍ കരുതുന്നതെന്നും ബിഹാറിലെ ജനങ്ങള്‍ അത് തിരിച്ചറിയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജനങ്ങളുടെ വോട്ട് പ്രധാനമന്ത്രി കൊളളയടിക്കുകയാണ് എന്നാണ് പ്രിയങ്കാ ഗാന്ധി പറഞ്ഞത്.

സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും അടുത്ത ദിവസങ്ങളില്‍ വോട്ടര്‍ അധികാര്‍ യാത്രയുടെ ഭാഗമാവും. സെപ്റ്റംബര്‍ ഒന്നിന് പട്നയില്‍ നടക്കുന്ന മഹാറാലിയോടെയാണ് വോട്ടര്‍ അധികാര്‍ യാത്ര അവസാനിക്കുക.