News

ഒരുമിച്ച് മരിക്കാമെന്ന വാഗ്ദാനം; തൂങ്ങാന്‍ കയറില്‍ കുരുക്കിട്ട യുവതിയെ സ്റ്റൂള്‍ തള്ളിമാറ്റി കൊലപ്പെടുത്തി യുവാവ്

By Manya

January 27, 2026

കോഴിക്കോട്: എലത്തൂരില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് വൈശാഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയമാണ് ക്രൂരകൃത്യത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇരുവരും കുറച്ചുകാലമായി അടുത്ത ബന്ധത്തിലായിരുന്നു. വൈശാഖിനെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നതായും പൊലീസ് പറയുന്നു. ഈ പശ്ചാത്തലത്തിലാണ് ശനിയാഴ്ച യുവതിയെ ജോലി സ്ഥലത്തുനിന്ന് വൈശാഖന്‍ വിളിച്ചുവരുത്തിയത്.

ഒരുമിച്ച് ജീവിക്കാന്‍ സാധിക്കില്ലെങ്കില്‍ ഒരുമിച്ച് മരിക്കാമെന്നായിരുന്നു വൈശാഖന്റെ വാക്കുകള്‍. തുടര്‍ന്ന് മാളിക്കടവിലുള്ള വൈശാഖിന്റെ ഉടമസ്ഥതയിലുള്ള ‘ഐഡിയല്‍ ഇന്‍ഡസ്ട്രീസ്’ എന്ന സ്ഥാപനത്തിലേക്ക് ഇരുവരും എത്തി. അവിടെ ഒരുമിച്ച് തൂങ്ങി മരിക്കാനായി കയറില്‍ കുരുക്കിട്ടു. യുവതി കഴുത്തില്‍ കുരുക്ക് ഇട്ടതോടെ വൈശാഖന്‍ യുവതി കയറിയിരുന്ന സ്റ്റൂള്‍ തട്ടിമാറ്റുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില നിര്‍ണായക കണ്ടെത്തലുകളെ തുടര്‍ന്നാണ് കൊലപാതകമെന്ന സംശയത്തിലേക്കെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വൈശാഖിനെ കസ്റ്റഡിയിലെടുത്തത്.