ബിജെപി നേതാവ് രാകേഷ് സിന്‍ഹ ഒന്നിലധികം സംസ്ഥാനങ്ങളില്‍ വോട്ട് ചെയ്തതായി പ്രതിപക്ഷ പാര്‍ട്ടികള്‍. ഇത് ‘വോട്ട് മോഷണത്തിന്റെ തെളിവാണ്’ എന്നും അവര്‍ പറഞ്ഞു. രാകേഷ് സിന്‍ഹ ഡല്‍ഹി, ബിഹാര്‍ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്തിട്ടുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി (എഎപി), രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), കോണ്‍ഗ്രസ് എന്നിവര്‍ അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ഹരിയാനയില്‍ നടന്ന വോട്ടുക്കൊള്ള വെളിപ്പെടുത്തിയിരുന്നു. ഇതിനോട് പ്രതികരിച്ച് ബ്രസീലിയന്‍ മോഡല്‍ ലാരിസയും രംഗത്തെത്തിയിരുന്നു. അവര്‍ തന്റെ പഴയ ഫോട്ടോ ഇന്ത്യയില്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചിരിക്കുന്നെന്നും താന്‍ ഇത് വരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ലെന്നതടക്കമുള്ള കാര്യങ്ങളാണ് ലാരിസ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പറഞ്ഞിരിക്കുന്നത്.
2025 ഫെബ്രുവരി 5 ന് നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലും ഇന്ന് (വ്യാഴാഴ്ച) നടന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലും സിന്‍ഹ വോട്ട് ചെയ്തതായി കാണിക്കുന്ന അദ്ദേഹത്തിന്റെ പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കിട്ടുകൊണ്ട് എഎപി നേതാവ് സൗരഭ് ഭരദ്വാജ് എക്സില്‍ എഴുതി: ”രാകേഷ് സിന്‍ഹ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലും ഇന്ന് വീണ്ടും ബിഹാര്‍ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തു. ഡല്‍ഹി സര്‍വകലാശാലയിലെ മോട്ടിലാല്‍ നെഹ്റു കോളേജില്‍ അദ്ദേഹം പഠിപ്പിക്കുന്നു, അപ്പോള്‍ ബീഹാറില്‍ ഒരു വിലാസം എങ്ങനെ അവകാശപ്പെടും? മോഷണം പിടിക്കപ്പെട്ടാല്‍ ബിജെപി പരിഷ്‌കരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഒരിക്കലുമില്ല; അവര്‍ അത് പരസ്യമായി ചെയ്യുന്നത് തുടരും. ഇന്നും, AQI സ്റ്റേഷനുകളില്‍ വ്യാജ നിരീക്ഷണം തുടരുന്നു.
‘ബിജെപി ഡല്‍ഹി പൂര്‍വാഞ്ചല്‍ മോര്‍ച്ച പ്രസിഡന്റ് സന്തോഷ് ഓജയും പാര്‍ട്ടി പ്രവര്‍ത്തകന്‍ നാഗേന്ദ്ര കുമാറും ഡല്‍ഹിയിലും ബിഹാറിലും വോട്ട് ചെയ്തവരില്‍ ഉള്‍പ്പെടുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. തന്റെ വോട്ടര്‍ രജിസ്‌ട്രേഷന്‍ ഡല്‍ഹിയില്‍ നിന്ന് ബീഹാറിലെ തന്റെ ഗ്രാമത്തിലേക്ക് മാറ്റിയതായി പറഞ്ഞുകൊണ്ട് രാകേഷ് സിന്‍ഹ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു, ആരോപണങ്ങള്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കി.