കോഴിക്കോട്: ശമ്പളപരിഷ്‌കരണ കുടിശിക അന്യായമായി നീട്ടിവയ്ക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നു. ജനുവരി 27ന് സൂചനാ സമരമായി ഒപി ബഹിഷ്‌കരണവും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് ചികിത്സാ നടപടികളും നിര്‍ത്തിവയ്ക്കുമെന്ന് കെജിഎംസിടിഎ സംസ്ഥാന സമിതി അറിയിച്ചു.
ഫെബ്രുവരി രണ്ട് മുതല്‍ അനിശ്ചിതകാല അധ്യാപന ബഹിഷ്‌കരണത്തോടൊപ്പം ഒപി അനിശ്ചിതകാലത്തേക്ക് ബഹിഷ്‌കരിക്കും. തുടര്‍ന്ന് ഫെബ്രുവരി ഒന്‍പത് മുതല്‍ അധ്യാപനവും ഒപി ബഹിഷ്‌കരണവും തുടരുമെന്നും, അതോടൊപ്പം അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവയ്ക്കുമെന്നും സംഘടന വ്യക്തമാക്കി.
ഫെബ്രുവരി 11 മുതല്‍ സര്‍വകലാശാല പരീക്ഷാ ജോലികളും ബഹിഷ്‌കരിക്കുമെന്ന് കെജിഎംസിടിഎ അറിയിച്ചു.
അതേസമയം, ക്യാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു, ഇന്‍പേഷ്യന്റ് ചികിത്സ, മറ്റ് അടിയന്തര ചികിത്സകള്‍, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍ തുടങ്ങിയ അവശ്യ ആരോഗ്യ സേവനങ്ങളെ പ്രതിഷേധ പരിപാടികളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.