india

വഖഫ് ബില്ലിനെതിരെ കറുത്ത ബാഡ്ജ് അണിഞ്ഞ് പ്രതിഷേധിച്ചു; യുപിയില്‍ മുസ്‌ലിം യുവാക്കള്‍ക്ക് രണ്ട് ലക്ഷം വീതം ബോണ്ട് കെട്ടാന്‍ നോട്ടീസ്

By webdesk18

April 05, 2025

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ വഖഫ് ബില്ലിനെതിരെ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത ബാഡ്ജ് അണിഞ്ഞ മുസ്‌ലിം യുവാക്കള്‍ക്ക് ബോണ്ട് കെട്ടാന്‍ ആവശ്യപ്പെട്ട് നോട്ടീസ്. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുസഫര്‍നഗറിലെ 24 പേര്‍ക്കാണ് രണ്ട് ലക്ഷം രൂപ വീതം ബോണ്ട് കെട്ടാന്‍ സിറ്റി മജിസ്ട്രേറ്റ് വികാസ് കശ്യപ് നോട്ടീസയച്ചത്.

സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ക്കെതിരെ നോട്ടീസ് അയയ്ക്കുകയായിരുന്നെന്നും സിറ്റി എസ്പി സത്യനാരായണന്‍ പറഞ്ഞു. ഏപ്രില്‍ 16ന് കോടതിക്ക് മുന്നില്‍ ഹാജരാകണമെന്നും സമാധാനം നിലര്‍ത്തുന്നതിന് ജാമ്യത്തുകയായി രണ്ട് ലക്ഷം വീതം ബോണ്ട് കെട്ടിവയ്ക്കണമെന്നും നോട്ടീസില്‍ പറയുന്നു.

ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡാണ് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി മാര്‍ച്ച് 28ന് പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ പള്ളികളില്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് ആളുകള്‍ എത്തിയിരുന്നത്. ഇവര്‍ക്കെതിരെയാണ് നടപടി.

സമാധാനപരവും ജനാധിപത്യപരവുമായാണ് തങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചതെന്നും പൊതുക്രമം തകര്‍ക്കുകയോ സംഘര്‍ഷം സൃഷ്ടിക്കുകയോ ചെയ്തിട്ടില്ലെന്നും നോട്ടീസ് ലഭിച്ചവര്‍ വ്യക്തമാക്കി. ബില്‍ ലോക്സഭയിലും രാജ്യസഭയിലും പാസായതിനു പിന്നാലെയാണ് പ്രതിഷേധക്കാര്‍ക്കെതിരെ പ്രതികാര നടപടിയുമായി യുപി പൊലീസ് രംഗത്തെത്തിയത്.