Culture

പി.എസ്.സി പരീക്ഷകള്‍ മലയാളത്തിലാക്കാന്‍ തയ്യാറെന്ന് ചെയര്‍മാന്‍

By ചന്ദ്രിക വെബ് ഡെസ്‌ക്‌

September 16, 2019

തിരുവനന്തപുരം: പി.എസ്.സി പരീക്ഷകള്‍ മലയാളത്തിലും നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് പി.എസ്.സി ചെയര്‍മാന്‍ എ കെ. സക്കീര്‍. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് പി.എസ്.സി ചെയര്‍മാന്‍ നിലപാട് വ്യക്തമാക്കിയത്. കെ.എ.എസ് അടക്കമുള്ള പരീക്ഷകള്‍ മലയാളത്തില്‍ നടത്താന്‍ തയ്യാറാണെന്ന് പി.എസ്.സി നിലപാട് സ്വീകരിച്ചുവെന്നാണ് വിവരം.

പരീക്ഷകള്‍ മലയാളത്തിലാക്കുന്നതിന്റെ പ്രായോഗിക നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഇത് സംബന്ധിച്ച് എല്ലാ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടേയും യോഗം വിളിക്കും. പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും പി.എസ്.സി ചെയര്‍മാന്‍ പറഞ്ഞു.

പി.എസ്.സി പരീക്ഷകള്‍ മലയാളത്തില്‍ നടത്തണം എന്നാവശ്യപ്പെട്ട് ഐക്യമലയാളം പ്രസ്ഥാനം സമരസമിതി നിരാഹാര സമരം തുടങ്ങിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പി.എസ്.സിയുമായി ചര്‍ച്ച നടത്തിയത്. കഴിഞ്ഞ മാസം 29 മുതലാണ് നിരാഹാര സമരം ആരംഭിച്ചത്.