News

പിഎസ്എല്‍വിസി 62 ദൗത്യം പരാജയം; മൂന്നാംഘട്ട ജ്വലനത്തില്‍ സാങ്കേതിക തകരാര്‍

By webdesk17

January 12, 2026

ശ്രീഹരിക്കോട്ട: പുതുവത്സരത്തിലെ ഐഎസ്ആര്‍ഒയുടെ ആദ്യ ബഹിരാകാശ ദൗത്യമായ പിഎസ്എല്‍വിസി62 ദൗത്യം പരാജയപ്പെട്ടു. റോക്കറ്റിന്റെ മൂന്നാംഘട്ട ജ്വലനത്തിനിടെ സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് വിക്ഷേപണ പാതയില്‍ വ്യതിയാനം സംഭവിച്ചതായി ഐഎസ്ആര്‍ഒ അധികൃതര്‍ അറിയിച്ചു.

മൂന്നാംഘട്ട ജ്വലനത്തില്‍ ഉണ്ടായ അസാധാരണതയാണ് ദൗത്യ പരാജയത്തിലേക്ക് നയിച്ചതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന്‍ വ്യക്തമാക്കി. സംഭവത്തിന്റെ മുഴുവന്‍ വിശദാംശങ്ങളും വിശദമായി പരിശോധിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു. പിഎസ്എല്‍വി റോക്കറ്റിന്റെ മൂന്നാംഘട്ടത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

22.5 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണിന് ശേഷമായിരുന്നു വിക്ഷേപണം. ഇന്ത്യന്‍ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-എന്‍1(അന്വേഷ)യെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 15 ചെറു ഉപഗ്രഹങ്ങളടക്കം മൊത്തം 16 പേലോഡുകളെയും ഭ്രമണപഥത്തിലെത്തിക്കാനായിരുന്നു ഈ ദൗത്യത്തിന്റെ ലക്ഷ്യം. എന്നാല്‍ മൂന്നാംഘട്ട ജ്വലനത്തിന് പിന്നാലെ വിക്ഷേപണ പാതയില്‍ വ്യതിയാനം ഉണ്ടായതോടെയാണ് ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് സ്ഥിരീകരിച്ചത്. ദൗത്യവുമായി ബന്ധപ്പെട്ട കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.