kerala

കോളേജ് നടപടിയില്‍ മാനസിക സമ്മര്‍ദ്ദം; കെട്ടിടത്തിന് മുകളില്‍ കയറി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ഭീഷണി

By webdesk18

January 08, 2026

കാസര്‍കോട്: കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. കാസര്‍കോട് കുനിയ കോളേജിലാണ് സംഭവം. ബിഎ അറബിക് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഹമ്മദ് ഷംഷാദ് ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്ന് രാവിലെയാണ് കോളേജില്‍ നിന്ന് സസ്പെന്‍ഷന്‍ നോട്ടീസ് വിദ്യാര്‍ത്ഥിക്ക് ലഭിച്ചത്.

തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലായ ഷംഷാദ് കോളേജ് കെട്ടിടത്തിന്റെ മുകളിലേക്ക് കയറി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. വിവരം അറിഞ്ഞതോടെ പൊലീസ് സ്ഥലത്തെത്തി ദീര്‍ഘനേരം നടത്തിയ അനുനയശ്രമങ്ങള്‍ക്കൊടുവില്‍ വിദ്യാര്‍ത്ഥിയെ സുരക്ഷിതമായി താഴെയിറക്കി. കോളേജിലെ പുതിയ നിയമങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചതെന്നാരോപിച്ചാണ് അഹമ്മദ് ഷംഷാദിനെ സസ്പെന്‍ഡ് ചെയ്തതെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.