സർക്കാറിനെതിരായ ജനവികാരം ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി മലപ്പുറത്തെ മോശമായി ചിത്രീകരിച്ചത് ജനം മറക്കില്ല. ജനങ്ങളുടെ മനസ്സിൽ ഉള്ളത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. അതൊക്കെ ചിന്തിക്കാനുള്ള ബുദ്ധി കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറത്ത് ദേശീയ പാത വീണ്ടും തകർന്ന സംഭവത്തിലും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കൂരിയാടിന്റെ തുടർച്ചയാണ് വലിയപറമ്പിലേതെന്നും പൊട്ടി വീണില്ലെന്നെ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കേരളം ഒട്ടാകെ വിള്ളൽ ഉണ്ടെന്നും അശാസ്ത്രീയ ഡിസൈൻ ആണെന്ന് അവർ തന്നെ സമ്മതിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘റോഡ് പോകുന്ന എല്ലായിടത്തും ആശങ്ക ഉണ്ട്. കൂരിയാട് പാലം വേണ്ടി വരും. എന്ത് വേണം എന്ന് പറയേണ്ടത് അവർ ആണ്. മഴ തുടങ്ങിയിട്ടേ ഉള്ളൂ. ദേശീയപാത കണ്ട് കഴിഞ്ഞാൽ മൊത്തം അന്വേഷണം വേണം. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ചർച്ച നല്ലതാണ്. ഫലം സ്വീകാര്യമല്ലെങ്കിൽ പ്രക്ഷോഭം ഉണ്ടാവും’, പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.