kerala

പുലിപ്പല്ല്: വനംവകുപ്പ് കസ്റ്റഡിയിലെടുത്ത വേടനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

By webdesk17

April 29, 2025

നിയമവിരുദ്ധമായി പുലിപ്പല്ല് സൂക്ഷിച്ചതിന് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത റാപ്പര്‍ വേടനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഉച്ചയ്ക്കാണ് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയില്‍ ഹാജരാക്കുക. അതേസമയം ഫ്‌ലാറ്റില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ വേടനും മ്യൂസിക് ബാങ്കിലെ എട്ട് സഹപ്രവര്‍ത്തകര്‍ക്കും സ്റ്റേഷന്‍ ജാമ്യം അനുവദിച്ചിരുന്നു.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വൈറ്റിലയിലുള്ള വേടന്റെ ഫ്‌ലാറ്റില്‍ പരിശോധന നടത്തിയതിനു പിന്നാലെയാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് പുലിപ്പല്ല് ഉപയോഗിച്ച മാല കണ്ടെത്തിയത്. എന്നാല്‍ തായ്ലന്‍ഡില്‍ നിന്ന് വാങ്ങിയതാണെന്നായിരുന്നു വേടന്‍ ആദ്യം മൊഴി നല്‍കിയത്. പിന്നീട് തമിഴ്‌നാട്ടിലുള്ള ആരാധകന്‍ തന്നതാണെന്ന് സമ്മതിക്കുകയായിരുന്നു.

ജാമ്യം ലഭിക്കാത്തതും ജാമ്യം ലഭിക്കുന്നതുമായ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഒന്നു മുതല്‍ ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവ. കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ച വേടനെ കോടനാട് റേഞ്ച് ഓഫീസിലേക്ക് ഇന്നലെ രാത്രി കൊണ്ടുപോയി.

അതേസമയം, ഫ്‌ലാറ്റില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവത്തില്‍ പൊലീസ് കേസെടുക്കില്ല.