Culture

ഹജ്ജ് സബ്‌സിഡി: തീരുമാനം രാഷ്ട്രീയ പ്രേരിതം; പി.കെ കുഞ്ഞാലിക്കുട്ടി

By chandrika

January 17, 2018

 

മലപ്പുറം: ഹജ്ജ് സബ്‌സിഡി നിറുത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷങ്ങളെ വേദനിപ്പിക്കുന്ന തീരുമാനം എടുത്തത് എന്ത് ലക്ഷ്യം വെച്ചാണെന്ന് എല്ലാവര്‍ക്കും വ്യക്തമാണ്.

സുപ്രീംകോടതി 2022 വരെ സമയമനുവദിച്ച് ഘട്ടം ഘട്ടമായി നിറുത്തലാക്കണമെന്നാവശ്യപ്പെട്ട സബ്‌സിഡി ഒറ്റയടിക്ക് നിറുത്തലാക്കിയത് സാധാരണക്കാരുടെ ഹജ്ജ് സ്വപ്‌നങ്ങളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.പി.എ സഖ്യകക്ഷികളുമായി ചേര്‍ന്ന് വിഷയത്തില്‍ തുടര്‍ നടപടി ആലോചിക്കും. പാര്‍ലമെന്റിലും മുസ്‌ലിംലീഗ് വിഷയം ഉന്നയിക്കും. ആഗോള ടെന്‍ഡര്‍ വിളിച്ച് ഹജ്ജ് യാത്രാ ചെലവ് കുറക്കാനുള്ള നിര്‍ദേശം ചെവികൊള്ളാത്ത കേന്ദ്ര സര്‍ക്കാര്‍ ധൃതിപിടിച്ച് സബ്‌സിഡി മാത്രം എടുത്ത് കളയുന്നത് ദുഷ്ട ലാക്കോടെയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ നീക്കമാണിത്. മറ്റു പല തീര്‍ഥാടനത്തിനും ഉള്ള സബ്‌സിഡി നിലനിറുത്തി കൊണ്ടാണ് ഹജ്ജ് സബ്‌സിഡി മാത്രം എടുത്തു കളയുന്നത്. സബ്‌സിഡി തുക ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ ക്ഷേമത്തിന് വിനിയോഗിക്കുമെന്ന് പറയുന്നത് കണ്ണില്‍ പൊടിയിടല്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഹജ്ജ് സബ്‌സിഡി നിറുത്തലാക്കിയ തീരുമാനത്തെ അനുകൂലിക്കുന്നവര്‍ അതുകൊണ്ട് ആരാണ് ഗുണമുണ്ടാക്കുന്നതെന്ന് തിരിച്ചറിയുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന പല തീരുമാനങ്ങളും ബി.ജെ.പിക്ക് ഗുണമായി ഭവിക്കുകയാണെന്ന് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടിനെ വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.