കൊച്ചി: നടിയെ കാറില്‍ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ കാക്കനാട് ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റും. കാക്കനാട് സബ് ജയിലില്‍ വെച്ച് ചിലര്‍ ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന സുനിയുടെ പരാതി കണക്കിലെടുത്താണ് അങ്കമാലി കോടതി ഉത്തരവിട്ടത്. കോടതിയില്‍ എന്തെങ്കിലും വെളിപ്പെടുത്തിയാല്‍ ജയിലില്‍ ചെന്ന് അനുഭവിക്കേണ്ടി വരുമെന്ന് സുനി പറഞ്ഞു. ജയില്‍ സൂപ്രണ്ടിനോടു പോലും പരാതി പറയാന്‍ പറ്റാത്ത അവസ്ഥയാണ്. കടുത്ത മര്‍ദ്ദനമാണ് തനിക്ക് ഉണ്ടായതെന്നും സുനി കോടതിയില്‍ പറഞ്ഞു. ഇക്കാര്യം പരിഗണിച്ച് ജയില്‍ മാറ്റത്തിന് കോടതി ഉത്തരവിടുകയായിരുന്നു. കോടതി ഉത്തരവ് ലഭിച്ചാലുടന്‍ സുനിയെ വിയ്യൂരിലേക്ക് മാറ്റുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അങ്കമാലി കോടതിയിലെത്തുമ്പോള്‍ ‘മാഡ’ത്തെക്കുറിച്ച് വെളിപ്പെടുത്തുമെന്ന് സുനി നേരത്തെ കോടതി വളപ്പില്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാല്‍ ഇന്നലെ സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയിരുന്നില്ല.