kerala

പുനര്‍ജനി കേസ്: സിബിഐ അന്വേഷണം വന്നാലും പേടിയില്ലെന്ന് വി.ഡി സതീശന്‍

By sreenitha

January 04, 2026

വയനാട്: പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശിപാര്‍ശ ചെയ്തതിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരത്തിലുള്ള നടപടികള്‍ സ്വാഭാവികമാണെന്നും, താന്‍ പേടിച്ചെന്നു പറഞ്ഞേക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.

”ഇപ്പോള്‍ പുറത്തുവന്നത് വാര്‍ത്ത മാത്രമാണ്. നാലഞ്ച് വര്‍ഷമായി അന്വേഷണം നടക്കുകയാണ്. ഈ കേസില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞ ചില കാര്യങ്ങള്‍ ഉണ്ട്. അതെല്ലാം ഞാന്‍ അഭിമാനത്തോടെ ഹൃദയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. നൂറ് ശതമാനം കൃത്യമായാണ് എല്ലാം ചെയ്തത്. നേരത്തെയും അന്വേഷണത്തോട് സഹകരിച്ചിട്ടുണ്ട്. സിബിഐ വന്നാലും എനിക്ക് ഒരു പ്രശ്‌നവുമില്ല. വിജിലന്‍സ് ശിപാര്‍ശ നിയമപരമായി നിലനില്‍ക്കില്ല. മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്,” വി.ഡി സതീശന്‍ പറഞ്ഞു.

അതേസമയം, വി.ഡി സതീശനെതിരായ അന്വേഷണ ശിപാര്‍ശയില്‍ തുടര്‍നടപടി എടുക്കേണ്ടത് സര്‍ക്കാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. വിദേശത്തുനിന്ന് ഫണ്ട് ശേഖരിച്ച് അത് ഉപയോഗിച്ചതുമായി ബന്ധപ്പെട്ടതാണ് കേസെന്നും, സിബിഐ അന്വേഷണം എല്ലാറ്റിന്റെയും അവസാന വാക്കാകണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പറവൂര്‍ മണ്ഡലത്തില്‍ 2018 ലെ പ്രളയത്തിന് ശേഷം വി.ഡി സതീശന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ടാണ് കേസ്. ഭവനപദ്ധതിയുടെ പേരില്‍ അനധികൃതമായി പണം പിരിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം നടന്നിരുന്നു. വിദേശ ഫണ്ട് പിരിച്ചതില്‍ ക്രമക്കേടുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സിബിഐ അന്വേഷണം ശിപാര്‍ശ ചെയ്തത്.