kerala

പുനര്‍ജനി വിവാദം: മണപ്പാട് ഫൗണ്ടേഷനെതിരെയും സിബിഐ അന്വേഷണം വേണമെന്ന് വിജിലന്‍സ് ശിപാര്‍ശ

By sreenitha

January 05, 2026

തിരുവനന്തപുരം: പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മണപ്പാട് ഫൗണ്ടേഷനെതിരെയും സിബിഐ അന്വേഷണം വേണമെന്ന് വിജിലന്‍സ് ശിപാര്‍ശ ചെയ്തു. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക ലഭിച്ചു. മണപ്പാട് ഫൗണ്ടേഷന്‍ സിഇഒ അമീര്‍ അഹമ്മദിനെതിരെ സിബിഐ അന്വേഷണം നടത്തണമെന്നതാണ് ശിപാര്‍ശ.

എന്‍ജിഒയുടെ അക്കൗണ്ടുകളില്‍ സംശയാസ്പദമായ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആര്‍എ) പ്രകാരം ഗുരുതര ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടാകാമെന്നും അതിനാല്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും വിജിലന്‍സ് വിലയിരുത്തുന്നു.

അതേസമയം, പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ സര്‍ക്കാര്‍ നീക്കം നിയമോപദേശങ്ങള്‍ മറികടന്നതാണെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സതീശനെതിരെ സിബിഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു നിയമോപദേശം. അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ലെന്നും മണപ്പാട് ഫൗണ്ടേഷനാണ് വിദേശ ഫണ്ട് കൈകാര്യം ചെയ്തതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പുനര്‍ജനി പദ്ധതിയില്‍ വി.ഡി. സതീശന്‍ പണം വാങ്ങിയിട്ടില്ലെന്ന് വിജിലന്‍സ് വ്യക്തമായി കണ്ടെത്തിയിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര വകുപ്പിന് കൈമാറിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. സതീശന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതിന്റെ തെളിവുകളില്ലെന്നും പുനര്‍ജനി ഫണ്ട് അദ്ദേഹം കൈകാര്യം ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2025 സെപ്തംബര്‍ 19ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇതോടെ, പുനര്‍ജനി വിവാദത്തില്‍ വ്യക്തികള്‍ക്കുമേല്‍ അല്ലാതെ മണപ്പാട് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് അന്വേഷണം കേന്ദ്രീകരിക്കേണ്ടതെന്ന നിലപാടാണ് വിജിലന്‍സ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാകുന്നു.