Culture

പുനത്തില്‍ കുഞ്ഞബ്ദുല്ല അന്തരിച്ചു

By chandrika

October 27, 2017

കോഴിക്കോട്: പ്രമുഖ സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുല്ല അന്തരിച്ചു. 75 വയസ്സായിരുന്നു. സ്വകാര്യ ആസ്പത്രിയില്‍ രാവിലെ 7.40നായിരുന്നു അന്ത്യം. ഏറെ കാലമായി അസുഖ ബാധിതനായിരുന്നു. നോവല്‍,ചെറുകഥ, ഓര്‍മകുറിപ്പുകള്‍, യാത്രാവിവരണങ്ങള്‍ തുടങ്ങി എഴുത്തിന്റെ നിരവധി മേഖലകളില്‍ തന്റെ മുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. സ്മാരകശിലകളായിരുന്നു മലയാളി വായനക്കാരുടെ മനസ്സില്‍ അദ്ദേഹത്തിന് ചിരപ്രതിഷ്ഠ നേടികൊടുത്തത്.

1940 ഏപ്രില്‍ മൂന്നിന് കോഴിക്കോട് ജില്ലയിലെ വടകരയില്‍ സൈനയുടെയും മമ്മുവിന്റെ മകനായി ജനിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ള തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ബിരുദവും അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.ബി.ബി.എസ്സും നേടി. അലീമയാണ് ഭാര്യ.

സ്മാരകശിലകള്‍, മരുന്ന്, പരലോകം, കന്യാവനങ്ങള്‍, അഗ്‌നിക്കിനാവുകള്‍, നവഗ്രഹങ്ങളുടെ തടവറ (സേതുവുമായി ചേര്‍ന്നെഴുതിയത്) എന്നിവയാണ് പ്രധാന നോവലുകള്‍ . അലിഗഢ് കഥകള്‍, ക്ഷേത്രവിളക്കുകള്‍ , കുറേ സ്ത്രീകള്‍ , മലമുകളിലെ അബ്ദുള്ള, പ്രണയകഥകള്‍, പുനത്തിലിന്റെ 101 കഥകള്‍ എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങള്‍. ‘നഷ്ടജാതകം’ എന്ന ആത്മകഥയും ‘ആത്മവിശ്വാസം വലിയമരുന്ന്’, ‘പുതിയ മരുന്നും പഴയ മരുന്നും’ തുടങ്ങിയ ലേഖനസമാഹാരങ്ങളും ‘വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍’ എന്ന യാത്രാവിവരണവും ശ്രദ്ധേയമായ രചനകളാണ്. പുനത്തിലിന്റെ ഭൂരിഭാഗം രചനകളും മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെയാണ് പുറത്തുവന്നത്. സ്മാരകശിലകള്‍ക്ക് 1978-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1980-ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. മലമുകളിലെ അബ്ദുള്ളയ്ക്ക് 1980-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. മാതൃഭൂമി സാഹിത്യ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

പ്രധാന കൃതികള്‍

കേന്ദ്ര, കേരള സാഹിത്യ അക്കാദമി ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സ്മാരകശിലകള്‍ എന്ന കൃതിക്ക് കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ലഭിച്ചു. മലമുകളിലെ അബ്ദുല്ല എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും മരുന്ന് എന്ന കൃതിക്ക് വിശ്വദീപം അവാര്‍ഡും ലഭിച്ചിട്ടുണ്ട്.