അമൃത്സര്‍: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍. പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്കും ഭൂമിയില്ലാത്ത തൊഴിലാളികള്‍ക്കുമെതിരാണെന്നും അതിനെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ചൊവ്വാഴ്ച ബില്‍ സഭയില്‍ വെച്ചത്.
ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ബില്‍ 2020, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ബില്‍ എന്നീ നിയമങ്ങള്‍ക്കെതിരെയാണ് പഞ്ചാബ് സര്‍ക്കാര്‍ പ്രമേയം അവതരിപ്പിച്ചത്.
Protecting the interests of our farmers and the people of Punjab is paramount. It is and must be above everything else. Will not bow to any injustice to Punjab, even if it means having to quit. pic.twitter.com/NLfiYgbGAC
— Capt.Amarinder Singh (@capt_amarinder) October 20, 2020
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമം പഞ്ചാബില്‍ നടപ്പാക്കില്ലെന്ന് നേരത്തെ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് നാല് പുതിയ ബില്ലുകളും പ്രമേയവും നിയമസഭ ഐക്യകണ്‌ഠ്യേന പാസാക്കിയത്.
കാര്‍ഷിക നിയമത്തിനെതിരായ പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ച് സംസാരിക്കവെ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷമായ ഭാഷയിലാണ് അമരീന്ദര്‍ സിങ് സംസാരിച്ചത്. ബില്ലിന്റെ പേരില്‍ തന്റെ സര്‍ക്കാരിനെ പിരിച്ചുവിടപ്പെടുമെന്ന് ഭയപ്പെടുന്നില്ലെന്നും രാജിവെക്കാന്‍ ഭയമില്ലെന്നും, കര്‍ഷക പ്രക്ഷോഭത്തില്‍ നിലപാട് കടുപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പറഞ്ഞു.
‘സര്‍ക്കാര്‍ പിരിച്ചുവിടപ്പെടുമെന്ന് ഞാന്‍ ഭയപ്പെടുന്നില്ല. പക്ഷേ കര്‍ഷകരെ ദുരുത്തിലാക്കാനോ നശിപ്പിക്കാനോ അനുവദിക്കില്ല.’ അമരീന്ദര്‍ സിങ് പറഞ്ഞു. ഞങ്ങള്‍ നിങ്ങളോടൊപ്പം നിന്നു, ഇപ്പോള്‍ നിങ്ങള്‍ ഞങ്ങളോടൊപ്പം നില്‍ക്കാനുള്ള സമയമാണെന്നും സംസ്ഥാനത്തെ കര്‍ഷകരോട് അദ്ദേഹം ആവശ്യപ്പെട്ടു.
കാര്‍ഷിക നിയമം കേന്ദ്രം പാസാക്കിയ സാഹചര്യത്തില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭ സമ്മേളനത്തിന്റെ രണ്ടാം ദിനമാണ് കേന്ദ്രനിയമത്തെ തള്ളിക്കൊണ്ടുള്ള പ്രമേയം പഞ്ചാബ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. കാര്‍ഷിക നിയമത്തെ മറികടക്കാന്‍ മൂന്ന് പുതിയ ബില്ലുകളും മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സഭയില്‍ അവതരിപ്പിച്ചു.
കര്‍ഷകരെ സംരക്ഷിക്കാന്‍ താന്‍ ഏതറ്റം വരെയും പോകുമെന്ന് നേരത്തെയും അമരീന്ദര്‍ സിംഗ് പറഞ്ഞിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക ബില്ലില്‍ ഒപ്പു വെച്ചതിന് പിന്നാലെയായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രതികരണം.
ബില്ലുകളും പ്രമേയവും നിയമസഭ പാസാക്കിയതോടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം പഞ്ചാബില്‍ നടപ്പാക്കാന്‍ സാധിക്കില്ല. കൂടുതല്‍ നിയമ നടപടികളിലേക്ക് കടക്കുന്ന നീക്കമാണ് പഞ്ചാബ് നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശം പ്രകാരമാണ് പുതിയ ബില്ലുകള്‍ അവതരിപ്പിച്ചത്.