Article

പൂരങ്ങളുടെ പൂരം; തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം

By Akhila

April 20, 2026

കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുന്ന ഉത്സവങ്ങളില്‍ പ്രധാനപ്പെട്ടതും അതിപ്രസിദ്ധവുമായ ഒന്നാണ് തൃശ്ശൂര്‍ പൂരം. കൊച്ചിരാജാവായിരുന്ന ശക്തന്‍തമ്പുരാന്‍ തുടക്കം കുറിച്ച തൃശ്ശൂര്‍ പൂരത്തിന് എകദേശം 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പുരങ്ങളുടെ പൂരം എന്നാണ് വലിയ ഉത്സവമായ തൃശൂര്‍ പൂരം അറിയപ്പെടുന്നത്.

പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ തൃശ്ശൂരില്‍ എത്താറുണ്ട്.മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂര്‍പൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായിപറഞ്ഞാല്‍ മേടമാസത്തില്‍ അര്‍ദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്. വടക്കുംനാഥനെ സാക്ഷി നിര്‍ത്തി തൃശൂര്‍ നഗരത്തിലെ പറമ്മേക്കാവ് ശ്രീ ഭഗവതി ക്ഷേത്രം,തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നി രണ്ടു പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍ ആണ് ഇതില്‍ പങ്കെടുക്കുന്നത്.

അതോടൊപ്പം കണിമംഗലം ശാസ്താവ്,കാരമുക്ക് ഭഗവതി,ലാലൂര്‍ ഭഗവതി, പനയ്‌കോമ്പിള്ളി ശാസ്താവ്,അയ്യന്തോള്‍ കാര്‍ത്ത്യായനി,ചെമ്പൂകാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങള്‍ അവതരിപ്പിക്കുന്ന ചെറുപൂരവും ചേര്‍ന്നതാണ് തൃശൂര്‍ പൂരം. ശക്തന്‍ തമ്പുരാന്റെ കാലത്ത് കേരളത്തില്‍ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. അന്ന് ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളിലെ ക്ഷേത്രങ്ങളില്‍നിന്നും ഘോഷയാത്രകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവതകളും ആറാട്ടുപുഴയില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് വിശ്വാസം.

1796-ലെ പൂരത്തിന് ശക്തമായ കാറ്റും പേമാരിയും നിമിത്തം പറമ്മേക്കാവ്, തിരുവമ്പാടി,ചെമ്പൂകാവ്,കാരമുക്ക്, ലാലൂര്‍, അയ്യന്തോള്‍, ചൂരക്കാട്ടുകാവ് , നെയ്തലക്കാവ്, കണിമംഗലം എന്നീ ക്ഷേത്രങ്ങളിലെ സംഘങ്ങള്‍ക്ക് ആറാട്ടുപുഴയിലെത്താന്‍ സാധിച്ചില്ല. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ സംഘങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചെന്ന് പറയപ്പെടുന്നു. അന്ന് ശക്തന്‍ തമ്പുരാന്റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ തമ്പുരാന്‍ വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളില്‍ (1796 മേയില്‍ – 971 മേടം) തൃശൂര്‍ പൂരം ആരംഭിച്ചു.

പൂര ചടങ്ങുകള്‍

തൃശൂര്‍ നഗരമദ്ധ്യത്തിലുള്ള വടക്കുംനാഥന്‍ ക്ഷേത്രത്തിലും ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിന്‍കാട് മൈതാനത്തിലുമാണ് പൂരത്തിന്റെ ചടങ്ങുകള്‍ നടക്കുന്നത്. തിരുവമ്പാടി- പാറമേക്കാവ് ക്ഷേത്രങ്ങളിലെ ഭഗവതിമാരാണ് തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നതായി സങ്കല്‍പ്പിക്കപ്പെടുന്നത്. പൂരത്തിന്റെ മുഖ്യ പങ്കാളിത്തവും ഈ രണ്ടുവിഭാഗക്കാര്‍ക്കാണ്. തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ടകളില്‍ ഒന്നായ ബാലികാഭാവത്തിലുള്ള ബാലഭദ്രകാളിയാണ് പൂരത്തിന് പങ്കെടുക്കുന്ന ഒരു ഭഗവതി. എട്ട് ചെറുപൂരങ്ങള്‍ കൂടി അടങ്ങുന്നതാണ് തൃശൂര്‍ പൂരമെങ്കിലും മുഖ്യ പങ്കാളികളായ തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് മാത്രമായി ചില അവകാശങ്ങള്‍ ഉണ്ട്. വടക്കുനാഥക്ഷേത്രത്തിന്റെ ചുറ്റുള്ള വഴിയില്‍ ഇവര്‍ക്കേ അവകാശമുള്ളൂ.

പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടും കുടമാറ്റവും ഈ രണ്ടു കൂട്ടരുടെയും മാത്രം അവകാശങ്ങളാണ്. പൂരത്തിലെ പ്രധാന ചടങ്ങുകളായ ഇലഞ്ഞിതറമേളം,തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവയൊക്കെ വടക്കുനാഥന്റെ ക്ഷേത്രപരിസരത്തു തന്നെയാണു അരങ്ങേറുന്നത്. സമയക്രമമനുസരിച്ച് മുഖ്യവിഭാഗങ്ങള്‍ക്കും വളരെ മുമ്പേതന്നെ നടക്കുന്ന ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പോടെയാണ് പ്രധാനദിവസത്തെ പൂരാഘോഷങ്ങള്‍ക്കു അരങ്ങൊരുങ്ങുന്നത്. രാവിലെ ആറരയോടെ വടക്കുന്നാഥന്റെ മുന്നിലെത്തി വണങ്ങുന്ന കണിമംഗലം ശാസ്താവ് പൂരത്തില്‍ പങ്കെടുക്കാന്‍ ആദ്യം എത്തുന്നു. പിന്നെ ഒന്നൊന്നായി മറ്റു ചെറുപൂരങ്ങള്‍ എത്തിത്തുടങ്ങും. കാരമുക്ക് ഭഗവതി ചൂരന്‍കോട്ടുകാവ് ഭഗവതി,നെയ്തലകാവ് ഭഗവതി, ലാലൂര്‍ ഭഗവതി, പനയ്‌കോമ്പിള്ളി ശാസ്താവ്,ചെമ്പൂകാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങളിലെ ദേവിദേവന്മാരാണ് ചെറു പൂരം അവതരിപ്പിക്കുന്നത്.

ഈ എട്ടു പൂരങ്ങളും സ്വന്തം ക്ഷേത്രങ്ങളില്‍ അരങ്ങേറാതെ വടക്കുംനാഥന്റെ മുന്നിലാണ് ഒരുക്കുന്നത് എന്നതും തന്ത്രവിധികള്‍, പൂജാക്രമങ്ങള്‍ എന്നിവയാല്‍ നിബദ്ധമായതോ ആയ ചടങ്ങുകളും ഇതില്‍ അരങ്ങേറുന്നില്ല എന്നതും മറ്റു പ്രത്യേകതകള്‍ ആണ്. കേവലം ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കുക മാത്രമാണ് പൂരം നാളില്‍ നടകുന്നത്. തൃശ്ശൂര്‍പൂരംസമയത്ത്40 മുതല്‍ 50 ദിവസം വരെ നീണ്ടുനില്‍ക്കുന്ന തൃശ്ശൂര്‍പൂരംപ്രദര്‍ശനംനടക്കുന്നു. പൂരം ദിനത്തില്‍, പങ്കെടുക്കുന്നവര്‍ വാദ്യമേളങ്ങളോടെയും തിടമ്പും കൊട്ടലും കൊണ്ട് അലങ്കരിച്ച ആനകളുമായും വടക്കുംനാഥന്‍ ക്ഷേത്രത്തിലെ ശ്രീമൂലസ്ഥാനത്തേക്ക് രാവിലെയും രാത്രിയും രണ്ടുതവണ എഴുന്നള്ളുന്നു. പുലര്‍ച്ചെ കണിമംഗലം ശാസ്താവിന്റെ വരവോടെയാണ് പൂരം ദിനം ഔദ്യോഗികമായി ആരംഭിക്കുന്നത് പൂരത്തിലെ ഏറ്റവും കൂടുതല്‍ പേര്‍ കാത്തിരിക്കുന്ന പ്രധാന പരിപാടികളാണ് തിരുവമ്പാടി, പാറമേക്കാവ് എന്നീ പ്രധാന പങ്കാളികളുടെ ഘോഷയാത്രകള്‍.

‘മടത്തില്‍ വരവ്’

തിമില, മദളം, കാഹളം, കൈത്താളം, ഇടക്ക തുടങ്ങിയ വാദ്യങ്ങളുമായി 40 അംഗ കലാകാരന്മാരുമായി ‘മടത്തില്‍ വരവ്’ എന്ന പഞ്ചവാദ്യ കച്ചേരിയോടെ ബ്രഹ്‌മസ്വം മഠത്തില്‍ നിന്ന് തിരുവമ്പാടി വടക്കുംനാഥന്റെ അടുക്കല്‍ എത്തുന്നു. ഏകദേശം 11:30 ന് പാറമേക്കാവ് അതിന്റെ ക്ഷേത്രത്തിന് മുന്നില്‍ പാണ്ടിമേളത്തോടെ ഘോഷയാത്ര ആരംഭിക്കുന്നു, ക്രമേണ ഉച്ചയ്ക്ക് 1:30 ന് വടക്കുംനാഥന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നു. ഉച്ചയ്ക്ക് 2:00 മണിക്ക് വടക്കുംനാഥന്‍ ക്ഷേത്രത്തിനുള്ളില്‍ പൂരത്തിന്റെ കേന്ദ്ര ആകര്‍ഷണങ്ങളിലൊന്നായ ‘ഇലഞ്ഞിത്തറ മേളം’ ആരംഭിക്കുന്നു, അതില്‍ താളം, കാഹളം, കുഴല്‍, കൈത്താളം എന്നിവ ഉള്‍പ്പെടുന്നു.

തൃശൂര്‍ പൂരത്തിന്റെ ഏറ്റവും മഹത്തായ നിമിഷം ഐതിഹാസികമായ കുടമാറ്റം ആചാരത്തോടെയാണ് അരങ്ങേറിയത്. പാറമേക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്നും തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും 15 വീതം അലങ്കരിച്ച മുപ്പത് ആനകള്‍ ആചാരപരമായ രൂപീകരണത്തില്‍ മുഖാമുഖം നിന്നു. ഈ ഗാംഭീര്യമുള്ള ആനകളുടെ മുകളില്‍, കുടമാറ്റം നടത്തുന്നവര്‍ വേഗത്തിലുള്ള പ്രദര്‍ശനത്തിലും, തിളക്കമുള്ള നിറങ്ങളിലുള്ള അലങ്കാര പട്ടുകുടകള്‍ താളാത്മകമായി മാറ്റുന്നതിലും ഏര്‍പ്പെട്ടിരുന്നു. സ്വര്‍ണ്ണ നെറ്റിയിലെ ആഭരണങ്ങള്‍, വെഞ്ചാമരത്തിന് മനോഹരമായ ആടല്‍, മുത്തുക്കുടയുടെ രാജകീയ സാന്നിധ്യം എന്നിവയാല്‍ കാഴ്ച കൂടുതല്‍ മനോഹരമാക്കി തൃശൂര്‍ പൂരം പ്രധാന വെടിക്കെട്ട് രാജ്യമെമ്പാടും പ്രശസ്തമാണ്. തൃശൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് തേക്കിന്‍കാട് മൈതാനത്താണ് ഈ അത്ഭുതകരമായ കരിമരുന്ന് പ്രയോഗം നടക്കുന്നത്.

തിരുവമ്പാടിയും പാര്‍മേക്കാവും ആണ് ഈ പരിപാടിയിലെ പ്രധാന പങ്കാളികള്‍. ഏഴാം ദിവസം അതിരാവിലെയാണ് പ്രധാന വെടിക്കെട്ട് ആരംഭിക്കുന്നത്. മിക്ക പൂരം പ്രേമികളും വെടിക്കെട്ടിന്റെ മികച്ച കാഴ്ച ലഭിക്കാന്‍ രാത്രി മുഴുവന്‍ ഉണര്‍ന്നിരിക്കും. ഈ അത്ഭുതകരമായ വെടിക്കെട്ട് കാണാന്‍ ദൂരെ സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ എത്തുന്നു.

തൃശൂര്‍ പൂരത്തില്‍ നാല് പ്രധാന വെടിക്കെട്ടുകള്‍ ഉണ്ട്: പൂരത്തിന് മുമ്പുള്ള ദിവസം ‘സാമ്പിള്‍ വെടിക്കെട്ട്’, തെക്കോട്ടിറങ്ങലിനുശേഷം പൂരം വൈകുന്നേരം ഇരുവശത്തും ആകാശത്തെ പ്രകാശിപ്പിക്കുന്ന വര്‍ണ്ണാഭമായ മിന്നലുകള്‍ അമിട്ടണ്ടാവും , അതിരാവിലെ പൂരം ആഘോഷങ്ങളുടെ കൊടുമുടി അടയാളപ്പെടുത്തുന്ന ഏറ്റവും ശ്രദ്ധേയമായ പരിപാടി, പൂരത്തിന്റെ അവസാനം അടയാളപ്പെടുത്തുന്ന ദേവതകള്‍ പരസ്പരം വിടപറഞ്ഞതിന് ശേഷം ഉച്ചയ്ക്ക് അവസാനത്തെ വെടിക്കെട്ട്. പൂരത്തിന്റെ ഏഴാം ദിവസമാണ് അവസാന ദിവസം. ഇത് ‘പകല്‍ പൂരം’ എന്നും അറിയപ്പെടുന്നു.

തൃശ്ശൂരുകാര്‍ക്ക് പൂരം ഒരു ഉത്സവം മാത്രമല്ല, ആതിഥ്യമര്യാദയുടെ സമയം കൂടിയാണ്. സ്വരാജ് റൗണ്ടില്‍ നടന്ന അവസാന പരിപാടിയാണ് ഉപചാരം ചൊല്ലി പിരിയല്‍. പൂരം ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം , പാറമേക്കാവ് ഭഗവതി ക്ഷേത്രം വിഗ്രഹങ്ങള്‍ സ്വരാജ് റൗണ്ടില്‍ നിന്ന് അതത് ക്ഷേത്രങ്ങളിലെത്തിച്ചു. പകല്‍ വെടിക്കെട്ട് എന്നറിയപ്പെടുന്ന കരിമരുന്ന് പ്രയോഗത്തോടെ ഉത്സവം അവസാനിക്കും.

പൂരക്കഞ്ഞി

പൂരത്തിന്റെ പിറ്റേന്ന് പൂരത്തിന് സഹായിച്ചവര്‍ക്കായി രണ്ടു ദേവസ്വങ്ങളും പൂരക്കഞ്ഞി നല്‍കാറുണ്ട്. മുതിരപ്പുഴുക്കും മാമ്പഴപ്പുളിശ്ശേരിയും ശര്‍ക്കര, നാളികേരകൊത്ത്, ഉപ്പ്, ചെത്തുമാങ്ങാ അച്ചാറും, പപ്പടവും, മട്ട അരിക്ക്ഞ്ഞിയ്യൊടൊപ്പം ഉണ്ടാവും. ഒരു പാളയില്‍ കഞ്ഞിയും മറ്റൊരു ഇലയില്‍ കറികളും ഉണ്ടാവും. കോരിക്കുടിക്കാന്‍ പ്ലാവില കുമ്പിളും. ഏകദേശം പതിനായിരം പേരോളം ഓരോ സ്ഥലത്തും കഴിക്കാനെത്തും.

ആനച്ചമയം

ആനച്ചമയം മറ്റൊരാകര്‍ഷണമാണ്. ആനയുടെ മസ്തകത്തില്‍ കെട്ടുന്ന നെറ്റിപ്പട്ടം, ആലവട്ടം വെഞ്ചാമരം എന്നിവ രണ്ടു വിഭാഗക്കാരും പ്രദര്‍ശനത്തിന് വയ്ക്കുന്നു, കൂടെ വര്‍ണ്ണക്കുടകളും. പൂരത്തലേന്നാള്‍ രാവിലെ ആരംഭിക്കുന്ന പ്രദര്‍ശനം രാത്രി വൈകുവോളം നീളുന്നു. സുപ്രീം കോടതിയുടെ ഒരു സുപ്രധാന വിധിയില്‍ പൂരങ്ങളില്‍ നടത്തുന്ന വെടിക്കെട്ടിനെ നിയന്ത്രിക്കണമെന്ന് പ്രസ്താവിച്ചിരുന്നു. ഈ വിധി പൂരം നടത്തിപ്പിനെ തന്നെ ബാധിക്കുമെന്ന ഘട്ടം വന്നിരുന്നു. എന്നാല്‍ 2007 മാര്‍ച്ച് 27-നു സുപ്രീംകോടതിയുടെ മറ്റൊരു സുപ്രധാന വിധിയില്‍ ഈ വിലക്കില്‍ നിന്ന് തൃശ്ശൂര്‍ പൂരത്തെ ഒഴിവാക്കി. ഏപ്രില്‍ 12 ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ‘ആനകളെ 11 മണിക്കും വൈകീട്ട് 3 മണിക്കും ഇടയ്ക്കും എഴുന്നള്ളിക്കരുത്’ എന്ന വിധിയും പൂരത്തിന്റെ നടത്തിപ്പിനെ ബാധിക്കും എന്നു കരുതിയിരുന്നു. എന്നാല്‍ ഈ വിധിയും പിന്നീട് കോടതി തിരുത്തിപ്പുതുക്കുകയുണ്ടായി.

തൃശ്ശൂര്‍ പൂരത്തിന് രാത്രിയിലെ വെടിക്കെട്ട് 2016ല്‍ ഹൈക്കോടതി നിരോധിച്ചിരുന്നു. 14ഏപ്രില്‍2016ന് ഉപാധികളോടെ വെടിക്കെട്ട് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കി.തൃശൂര്‍ പൂരത്തിന്റെ പ്രശസ്തിക്ക് നിദാനമായ നിരവധി ഘടകങ്ങള്‍ ഉണ്ട്. അതിലൊന്നാണ് പൂരം പ്രദര്‍ശനം. അഖിലേന്ത്യാ തലത്തിലൊരുക്കുന്ന പ്രദര്‍ശനം ഇന്ന് വിപുലവും പൂരം നടത്തിപ്പിന്റെ വരുമാനത്തില്‍ ഒരു പ്രധാന സ്രോതസ്സുമാണ്. പൂരം നാളിനു ഏകദേശം ഒരു മാസം മുമ്പേ തേക്കിന്‍കാട് മൈതാനത്തിന്റെ വടക്കുകിഴക്കുഭാഗത്തു, കിഴക്കെ ഗോപുര നടയ്ക്കു സമീപമായി പ്രദര്‍ശന നഗരി ഒരുങ്ങിയിരിക്കും. ആയിരക്കണക്കിനാളുകള്‍ ദിവസവും പ്രദര്‍ശനം കാണാന്‍ എത്തും. വിനോദവും വിജ്ഞാനവും ഒരുപോലെ സംഗമിക്കുന്ന പ്രദര്‍ശന നഗരി വാണിജ്യപ്രധാനവുമാണ്.

പൂരം പ്രദര്‍ശനം

പൂരത്തിലെ മുഖ്യപങ്കാളികളായ തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങള്‍ സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. നാല്‍പ്പത്തിമൂന്നാമത് പ്രദര്‍ശനമാണ് 2007 ലേത്. 1932-ല്‍ തൃശൂരില്‍ രൂപം കൊണ്ട വൈ.എം.എ. 1933-ല്‍ തുടങ്ങിവെച്ചതാണ് പൂരം പ്രദര്‍ശനം. 1948 വരെ യുവജന സമാജത്തിന്റെ നേതൃത്വത്തില്‍ തുടര്‍ന്നു. മഹാത്മാഗാന്ധി രക്തസാക്ഷിയായ 1948-ല്‍ പ്രദര്‍ശനം ഉണ്ടായില്ല. അടുത്ത വര്‍ഷം മുതല്‍ 1962 വരെ നഗരസഭയാണ് പ്രദര്‍ശനം സംഘടിപ്പിച്ചു വന്നത്. 1962-ലും 63-ലും പ്രദര്‍ശനം നിലച്ചു. 1962-ല്‍ ചൈനീസ് യുദ്ധം കാരണം പേരിന് മൂന്ന് ആനകളെ വച്ച് പൂരം നടത്തി, പതിവുള്ളാ ഗാംഭീര്യത്തോടെ തൃശ്ശൂര്‍ പൂരം വേണ്ടെന്നു വെച്ചിരുന്നു. 1963-ല്‍ തൃശ്ശൂര്‍ മുനിസിപ്പാലിറ്റിയുടെ സ്റ്റേഡിയം പണിയുന്നതിനായി രൂപവത്കരിച്ച കമ്മിറ്റിയാണ് എക്‌സിബിഷന്‍ നടത്തിയത്. പൂരത്തിന് വീതം നല്‍കാന്‍ കമ്മിറ്റി വിസമ്മതം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നു് ആവര്‍ഷം പൂരം തന്നെ വേണ്ടെന്ന് വക്കുകയാണ് ഉണ്ടായത്. തുടര്‍ന്നു് 1964ല്‍ തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ പൂരം പ്രദര്‍ശനം പുനരാരംഭിച്ചു.