മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ടീം ഒരുക്കുന്ന പുത്തന്‍പണത്തിന്റെ ട്രെയിലര്‍ എത്തി. സസ്പന്‍സും ആക്ഷനും നിറഞ്ഞ കിടിലന്‍ ഡയലോഗുകളോടെ ത്രസിപ്പിക്കുന്ന ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്.

നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കാസര്‍കോടന്‍ ഭാഷാ ശൈലിയുമായി മമ്മൂട്ടി എത്തുന്ന ചിത്രത്തിന്റെ രണ്ടു ടീസറുകള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.

കള്ള നോട്ടുകളുടെ കഥ പറഞ്ഞ ഇന്ത്യന്‍ റുപ്പി സമ്മാനിച്ച രഞ്ജിത് ടീം, പുതിയ ചിത്രത്തിലൂടെ നോട്ട് നിരോധന കാലത്തെ ഏറെ കാലികപ്രസക്തിയുള്ള കഥ പറയാനാണ് ശ്രമിക്കുന്നത്.

കൊമ്പന്‍മീശയും കുറ്റിമുടിയും ചേര്‍ന്ന പരുക്കന്‍വേഷത്തില്‍ മമ്മൂട്ടി എത്തിയ പുത്തന്‍പണത്തിന്റെ ഫസ്റ്റ്ലുക്ക് നേരത്തേ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. രൂപത്തിലും ഭാവത്തിലും ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ രസികന്‍ ലുക്കാണ് രഞ്ജിത് പുറത്തെടുക്കുന്നത്.
ചിത്രം ഗംഭീര അഭിനയ മുഹൂര്‍ത്തങ്ങള്‍ തരമെന്ന് ഉറപ്പാക്കുന്നതാണ് ട്രെയ്‌ലര്‍. സിദ്ധിഖ്, മാമുക്കോയ, നിര്‍മല്‍ പാലാഴി, ഇനിയ, ഹരീഷ് കണാരന്‍, സ്വരാജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഷഹബാസ് അമന്റെ സംഗീത സംവിധാനത്തില്‍ ചിത്രം ത്രീ കളര്‍ സിനിമയുടെ ബാനറിലാണ് നിര്‍മിക്കുന്നത്. കാഷ്‌മോര, മാരി എന്നീ ചിത്രങ്ങളുടെ ക്യാമറാമാനായ ഓംപ്രകാശാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പുത്തന്‍പണം വിഷുവിന് തിയറ്ററുകളില്‍ റിലീസിന് എത്താക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍.