News

പുടിന്‍ മൂന്നാം ലോകമഹായുദ്ധം ആരംഭിച്ചുകഴിഞ്ഞു; തടയുകയാണ് ഇനി ലക്ഷ്യം: വ്‌ളോദിമര്‍ സെലന്‍സ്‌കി

By webdesk17

February 23, 2026

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ മൂന്നാം ലോകമഹായുദ്ധത്തിന് തുടക്കമിട്ടതായി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോദിമര്‍ സെലന്‍സ്‌കി. മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേതില്‍ നിന്ന് വ്യത്യസ്തമാണെന്നും സെലന്‍സ്‌കി പറഞ്ഞു. യുദ്ധം തുടങ്ങിക്കഴിഞ്ഞെന്നും, പുടിനെ എവിടെ വെച്ച് തടയാനാകും എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യമെന്നും സെലന്‍സ്‌കി വ്യക്തമാക്കി.

അമേരിക്കയില്‍ നിന്ന് കേവലം ഒരു പ്രസിഡന്റിന്റെ തീരുമാനത്തെ മാത്രം ആശ്രയിക്കാത്ത സുരക്ഷാ ഗ്യാരണ്ടിയാണ് യുക്രെയ്ന്‍ പ്രതീക്ഷിക്കുന്നതെന്നും പ്രസിഡന്റുമാര്‍ മാറിയേക്കാമെങ്കിലും, യുഎസ് കോണ്‍ഗ്രസിന്റെ പിന്തുണയോടെയുള്ള 30 വര്‍ഷത്തെ ദീര്‍ഘകാല ഉറപ്പുകള്‍ തങ്ങള്‍ക്ക് വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

1991-ല്‍ രാജ്യം സ്വതന്ത്രമായപ്പോഴുള്ള അതിര്‍ത്തികള്‍ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്നും സെലന്‍സ്‌കി പറഞ്ഞു. റഷ്യന്‍ സൈന്യം ശക്തമായതിനാല്‍, വെറും സൈനിക നീക്കത്തിലൂടെ മാത്രം ഇത് നേടിയെടുക്കാന്‍ ശ്രമിക്കുന്നത് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

സൈനിക ശക്തിക്കൊപ്പം തന്നെ നയതന്ത്രപരമായ നീക്കങ്ങളും റഷ്യന്‍ അധിനിവേശത്തെ പ്രതിരോധിക്കാന്‍ അത്യാവശ്യമാണെന്ന് സെലന്‍സ്‌കി ഓര്‍മ്മിപ്പിച്ചു.