റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഉടന്‍ മരിക്കുമെന്നും യുദ്ധം ഉടന്‍ അവസാനിക്കുമെന്നും യുെ്രെകന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി. റഷ്യ-യുക്രൈന്‍ യുദ്ധത്തെക്കുറിച്ച് ബുധനാഴ്ച പാരീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അദ്ദേഹം ഉടന്‍ മരിക്കും, അതൊരു വസ്തുതയാണ്, യുദ്ധം അവസാനിക്കുകയും ചെയ്യും,’ ബുധനാഴ്ച പാരീസില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സെലന്‍സ്‌കി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമാധാന, വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടെ ക്രെംലിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങാതെ ശക്തമായി തുടരാന്‍ അദ്ദേഹം യുഎസിനോട് ആവശ്യപ്പെടുകയും ചെയ്തു.
‘ഈ ആഗോള ഒറ്റപ്പെടലില്‍ നിന്ന് പുടിനെ പുറത്തുകടക്കാന്‍ അമേരിക്ക സഹായിക്കാതിരിക്കേണ്ടത് വളരെ പ്രധാനമാണ്,’ സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. ‘ഇത് അപകടകരമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് ഏറ്റവും അപകടകരമായ നിമിഷങ്ങളില്‍ ഒന്നാണ്. അവര്‍ പുടിനെ സമ്മര്‍ദ്ദത്തിലാക്കിയാല്‍, അദ്ദേഹം തന്റെ സമൂഹത്തില്‍ അസ്ഥിരത നേരിടേണ്ടിവരും, അദ്ദേഹം അതിനെ ഭയപ്പെടും,’ യുക്രേനിയന്‍ പ്രസിഡന്റ് പറഞ്ഞു.
പുടിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കിടെയാണ് സെലന്‍സ്‌കിയുടെ പ്രസ്താവന. റഷ്യന്‍ നേതാവ് നിര്‍ത്താതെ ചുമയ്ക്കുന്ന വീഡിയോകള്‍ പുറത്തുവന്നത് ഈ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു.
2022ല്‍ പുറത്തുവന്ന ഒരു വീഡിയോയില്‍, മുന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗുവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പുടിന്‍ മേശയില്‍ പിടിച്ചുകൊണ്ട് കസേരയില്‍ ചാരിയിരിക്കുന്നതായി കാണിച്ചു. 2014ല്‍ പുടിന്‍ ക്യാന്‍സര്‍ ബാധിതനാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിനെയെല്ലാം ക്രെംലിന്‍ നിഷേധിച്ചിരുന്നു.
പുടിന്‍ അദ്ദേഹത്തിന്റെ അനുയായിയാല്‍ കൊല്ലപ്പെടുമെന്ന് നേരത്തെ സെലന്‍സ്‌കി പറഞ്ഞിട്ടുണ്ട്. യുക്രൈന്‍ യുദ്ധത്തെക്കുറിച്ച് ‘വര്‍ഷം’ എന്ന പേരില്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററിയിലായിരുന്നു സെലെന്‍സ്‌കിയുടെ പരാമര്‍ശം. യുക്രൈനില്‍ റഷ്യ നടത്തിയ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് ഡോക്യുമെന്ററി പുറത്തിറക്കിയത്.