വാഷിങ്ടണ്‍: റഷ്യയുമായുള്ള ‘ന്യൂ സ്റ്റാര്‍ട്ട്’ ഉടമ്പടിയുടെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചതിന് പിന്നാലെ, പുതിയ ആണവായുധ നിയന്ത്രണ കരാറിന് ആഹ്വാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പഴയ കരാര്‍ പുതുക്കണമെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ നിര്‍ദ്ദേശം തള്ളിക്കൊണ്ടാണ് ട്രംപിന്റെ ഈ നീക്കം.
2010-ല്‍ ഒബാമ ഭരണകൂടം ഒപ്പിട്ട ‘ന്യൂ സ്റ്റാര്‍ട്ട്’ ഉടമ്പടി കഴിഞ്ഞ ദിവസം ഔദ്യോഗികമായി അവസാനിച്ചിരുന്നു. പഴയ കരാര്‍ മോശമായി ചര്‍ച്ച ചെയ്ത് ഉണ്ടാക്കിയതാണെന്നും അത് ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ട്രംപ് ‘ട്രൂത്ത് സോഷ്യലില്‍’ കുറിച്ചിരുന്നു. കാലഹരണപ്പെട്ട ഉടമ്പടി നീട്ടുന്നതിന് പകരം, ആണവ വിദഗ്ധര്‍ ചേര്‍ന്ന് പുതിയതും മെച്ചപ്പെട്ടതുമായ ഉടമ്പടി രൂപീകരിക്കണമെന്നാണ് ട്രംപ് ആഹ്വാനം ചെയ്തത്.
അതേസമയം പുതിയ ഉടമ്പടിയില്‍ ചൈനയെക്കൂടി ഉള്‍പ്പെടുത്തണമെന്ന കടുത്ത നിലപാടിലാണ് ട്രംപ് സ്വീകരിക്കുന്നത്. ചൈനയുടെ വളര്‍ന്നുവരുന്ന ആണവശേഖരം കണക്കിലെടുത്ത്, അവരില്ലാത്ത ഒരു ഉടമ്പടി കൊണ്ട് പ്രയോജനമില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും പറഞ്ഞു.
കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ പുടിന്‍ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും യുഎസ് പ്രതികരിക്കാത്തതില്‍ റഷ്യ ഖേദം പ്രകടിപ്പിച്ചു.