കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി മുസ്ലിംലീഗ് ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി. നിലവിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രക്രിയക്കിടെ കേരളത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്.ഐ.ആർ സഭാനടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് മുസ്ലിംലീഗ് ആവശ്യപ്പെട്ടത്. ഈ ഘട്ടത്തിൽ എസ്.ഐ.ആർ ആരംഭിക്കുന്നത് വോട്ടവകാശം നിഷേധിക്കപ്പെടുന്നതിനും, തദ്ദേശ സ്ഥാപനങ്ങൾക്ക് ഭരണപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിനും, വ്യാപകമായ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനും കാരണമാകുമെന്ന്അദ്ദേഹം നോട്ടീസിൽ പറഞ്ഞു. സുതാര്യത, നിഷ്പക്ഷത, ജനാധിപത്യ പ്രക്രിയയുടെ സുഗമമായ നടത്തിപ്പ് എന്നിവയെ ബാധിക്കാൻ സാധ്യതയുണ്ടെന്നും, അതിനാൽ തിടുക്കത്തിൽ നടത്തുന്ന ഈ പ്രക്രിയ മാറ്റി വെക്കണമെന്നും അദ്ദേഹം പറഞ്ഞു.