kerala

പി.വി അന്‍വറിന് എഎപി പിന്തുണയില്ല; തീരുമാനം സ്വതന്ത്ര സ്ഥാനാര്‍ഥിയായതിനാല്‍

By webdesk17

June 03, 2025

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി അന്‍വറിന് ആംആദ്മി പാര്‍ട്ടിയുടെ പിന്തുണ ഉണ്ടാകില്ല. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ആംആദ്മി പാര്‍ട്ടി പിന്തുണ നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അന്‍വര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയതോടെ പിന്തുണ വേണ്ടെന്ന തീരുമാനം കേന്ദ്ര നേതൃത്വം എടുത്തു. അതേസമയം ഉപതെരഞ്ഞെടുപ്പില്‍ ആരെയും പിന്തുണക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി.വി അന്‍വര്‍ നല്‍കിയ നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളിയതോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

1968ലെ തെരഞ്ഞെടുപ്പ് വിജ്ഞാപനം പാലിക്കാത്തതിനാലാണ് അന്‍വറിന്റെ പത്രിക തള്ളിയത്. ആകെ 19 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇതില്‍ ഏഴ് പത്രികകള്‍ തള്ളി.

കൂടാതെ കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പട്ടികയില്‍ ഇല്ലാത്തതും പത്രിക തള്ളാന്‍ കാരണമാവുകയായിരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം കഴിഞ്ഞ് മൂന്ന് ദിവസത്തിനകം സ്ഥാനാര്‍ഥിയെ കുറിച്ച് കമ്മീഷനില്‍ അറിയിക്കണം എന്ന വ്യവസ്ഥ ലംഘിക്കുകയും ചെയ്തു. പി.വി അന്‍വര്‍ മത്സരിക്കുന്നത് അറിയിക്കാന്‍ ടിഎംസി വൈകിയതോടെ പത്രിക തള്ളുകയായിരുന്നു.