FOREIGN

ഖത്തർ ന്യൂസ്‌ ഏജൻസി 48 ന്റെ നിറവില്‍

By webdesk13

May 26, 2023

ദോഹ: ഖത്തറിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഖത്തർ ന്യൂസ്‌ ഏജൻസി (ക്യുഎൻഎ) 48 ന്റെ നിറവിൽ. വർഷം 48 പൂർത്തിയാക്കി മുന്നേറുന്ന ക്യു എൻ എ 1975 മെയ് 25നാണ് ആരംഭിച്ചത്. അന്നത്തെ ഖത്തർ അമീറിന്റെ 94-ാം നമ്പർ ഉത്തരവ് പ്രകാരമായിരുന്നു തുടക്കം. സ്ഥാപിതമായതിന്റെ നാൽപ്പത്തിയെട്ടാം വാർഷിക ആഘോഷം സംഘടിപ്പിക്കുമെന്ന് ക്യു.എൻ.എ അറിയിച്ചു. ഖത്തർ ന്യൂസ് ഏജൻസി (ക്യുഎൻഎ) നാൽപ്പത്തിയെട്ടാം വാർഷികം ആഘോഷിക്കുന്നതായും മികവിന്റെ പാതയിൽ മുന്നേറാൻ കൂടുതൽ താൽപ്പര്യവും ദൃഢനിശ്ചയവുമാണുള്ളതെന്നും ക്യു.എൻ.എ ഡയറക്ടർ ജനറൽ അഹമ്മദ് ബിൻ സഈദ് അൽറുമൈഹി പറഞ്ഞു. സാമൂഹിക മാധ്യമങ്ങൾ പല നിലയിൽ സജീവമായ കാലത്ത് മാധ്യമ പ്രൊഫഷണലിസത്തിന്റെ പാതയിൽ തങ്ങൾ പരമാവധി ആധുനികമായി മുന്നേറുന്നുവെന്നും ക്യു.എൻ.എ അധികൃതർ വ്യക്തമാക്കി. സത്യസന്ധവും സമഗ്രവുമായ വാർത്തകൾ സ്വീകർത്താക്കൾക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ എത്തിക്കുന്നതിനായി ഡിജിറ്റൽ മീഡിയയിലെ ഏറ്റവും പുതിയ സജ്ജീകരണങ്ങൾ പ്രയോജനപ്പെടുത്തി വരുന്നു. പ്രമുഖ അറബ്, അന്തർദേശീയ വാർത്താ ഏജൻസികളിൽ ഒന്നായി ക്യു.എൻ.എ ഇതിനകം മാറിയിട്ടുണ്ട്. ഖത്തറിലെ ചലനങ്ങൾ ലോക സമൂഹത്തിന് മുമ്പിൽ അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നും ഖത്തർ ന്യൂസ് ഏജൻസി വിശദീകരിച്ചു.