Culture

കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം

By ചന്ദ്രിക വെബ് ഡെസ്‌ക്‌

September 12, 2018

കൊല്‍ക്കത്ത: കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. കേരളത്തിന് പുറമെ അസം, മേഘാലയ, ബീഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഭൂചലനമുണ്ടായത്. കേരളത്തില്‍ പത്തനംതിട്ട ജില്ലയിലെ അടൂര്‍ മേഖലയിലാണ് രാവിലെ ചെറിയ തോതില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടത്. അടൂര്‍ പള്ളിക്കല്‍ പഞ്ചായത്തിലെ പഴകുളം, പുള്ളിപ്പാറ, കോലമല മേഖലകളിലും പാലമേല്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങളിലുമാണ് ഭൂമികുലുക്കം ഉണ്ടായത്.

റിക്ടര്‍ സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തിയ ചലനമാണ് ഇതര സംസ്ഥാനങ്ങളിലുണ്ടായത്. രാവിലെ 10.20 ഓടെ ഉണ്ടായ ഭൂചലനം 15 മുതല്‍ 20 സെക്കന്‍ഡ് വരെ നീണ്ടുനിന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് പൊലീസ് അറിയിച്ചു. അസമിലെ കോക്രജര്‍ നഗരത്തില്‍ നിന്ന് രണ്ട് കിലോ മീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ കേന്ദ്രമെന്ന് ഷില്ലോങ്ങിലെ ഭൂചലന ശാസ്ത്രനിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാളില്‍ കൊല്‍ക്കത്തയിലും ആറ് വടക്കന്‍ ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.