kerala

ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം; ക്രൈംബ്രാഞ്ച് അന്വേഷിക്കും

By webdesk17

December 16, 2024

ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. വിദ്യാഭ്യാസ വകുപ്പ് നല്‍കിയ പരാതി ഡിജിപി ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറി. ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും.

സ്വകാര്യ ട്യൂഷന്‍ സെന്ററുകളെ സഹായിക്കുന്നതിന് അധ്യാപകരില്‍ നിന്നും ഗുരുതര വീഴ്ചയുണ്ടായതായാണ് പ്രാഥമിക നിഗമനം. എസ്എസ്എല്‍സി, ഇംഗ്ലീഷ്, പ്ലസ് വണ്‍ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്നത്. ചോര്‍ച്ചയില്‍ പൊലീസ് അന്വേഷണം നടക്കുന്നതോടൊപ്പം ചോദ്യപേപ്പര്‍ അച്ചടിയിലും വിതരണത്തിലും വീഴ്ചയുണ്ടോയെന്നും വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കുന്നുണ്ട്.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍ യൂട്യൂബ് ചാനല്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി. അന്വേഷണവുമായി സഹകരിക്കുമെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും എംഎസ് സൊല്യൂഷന്‍ സിഇഒ യും സ്ഥാപകനുമായ ഷുഹൈബ് പറഞ്ഞു.

അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ച്ച ചര്‍ച്ച ചെയ്യുന്നതിന് വിദ്യാഭ്യാസ മന്ത്രി യോഗം വിളിച്ചിട്ടുണ്ട്. വൈകുന്നരം നാലുമണിക്ക് മന്ത്രി വി.ശിവന്‍കുട്ടിയുടെ ചേംബറിലാണ് യോഗം. വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ തുടങ്ങിയവരടക്കം യോഗത്തില്‍ പങ്കെടുക്കും.