india

ആർ.ജികർ ബലാത്സംഗ കൊല: പ്രതിക്ക് ജീവപര്യന്തം

By webdesk14

January 20, 2025

ന്യൂഡല്‍ഹി: ആര്‍ ജികര്‍ മെഡിക്കല്‍ കോളജില്‍ ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതിയായ സഞ്ജയ് റോയ്ക്ക് ജീവപര്യന്തം. കൊൽക്കത്തയിലെ സിയാൽദാ അഡീഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജി അനിർബാൻ ദാസ് ആണ് വിധി പ്രഖ്യാപിച്ചത്. പ്രതി കുറ്റക്കാരനെന്ന് വിചാരണ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രതി ഡോക്ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും തെളിഞ്ഞതായി കോടതി വ്യക്തമാക്കിരുന്നു. 25 വര്‍ഷത്തില്‍ കുറയാത്ത തടവോ ജീവപര്യന്തം തടവോ അല്ലെങ്കില്‍ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നും കോടതി വാക്കാൽ പറഞ്ഞിരുന്നു.

ശിക്ഷ വിധിക്കുന്നതിന് മുമ്പ് പ്രതിക്ക് പറയാനുള്ള കാര്യങ്ങൾ കോടതി കേട്ടിരുന്നു. താൻ നിരപരാധിയാണെന്നും കേസിൽ പെടുത്തിയതാണെന്നും പൊലീസ് ക്രൂരമായി മർദിച്ചുവെന്നും സഞ്ജയ് റോയ് കോടതിയിൽ പറഞ്ഞു. കഴുത്തിൽ രുദ്രാക്ഷം ധരിക്കുന്നയാളാണ് തനിക്ക് ഇത്തരത്തിൽ ഒരു കുറ്റകൃത്യം ചെയ്യാൻ സാധിക്കില്ലെന്നും പ്രതി സഞ്ജയ് റോയി കോടതിയിൽ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒൻപതിനാണ് ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ 31കാരിയായ പിജി ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കൊല്‍ക്കത്ത പൊലീസാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയതെങ്കിലും പ്രതിഷേധം കനത്തതോടെ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. കേസില്‍ ഒന്നിലധികം പ്രതികളുണ്ടെന്ന് ആരോപണം ഉയര്‍ന്നുവെങ്കിലും ഒരാള്‍ മാത്രമാണ് പ്രതിയെന്നാണ് പിന്നീട് സിബിഐ കണ്ടെത്തിയത്.