കണ്ണൂര്‍: തെരുവ് നായകളിലെ പേവിഷബാധ (റാബീസ്) വലിയ തോതില്‍ വര്‍ധിക്കുന്നതായി മലബാര്‍ റീജണല്‍ ലബോറട്ടറിയുടെ പരിശോധനയില്‍ കണ്ടെത്തി. കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ ചത്ത നിലയില്‍ കണ്ടെത്തിയ നായകളില്‍ 40 ശതമാനത്തിനും രോഗം സ്ഥിരീകരിച്ചു.
മൂന്നു വര്‍ഷത്തിനിടെ തെരുവ് നായകളില്‍ രോഗബാധ ക്രമാനുഗതമായി കൂടിവരുന്നതായും മൃഗസംരക്ഷണ വകുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ പരിശോധിച്ച 52 നായകളില്‍ 23 എണ്ണം പേവിഷബാധിതരാണെന്ന് സ്ഥിരീകരിച്ചു 40 ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്.
കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 30 ശതമാനം ആയിരുന്നു പോസിറ്റീവ് നിരക്ക്, 2023-ല്‍ അത് 25 ശതമാനമായിരുന്നു. കണക്കുകള്‍ വ്യക്തമാക്കുന്നത് പ്രതിരോധ കുത്തിവെപ്പ് വ്യാപകമായി നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്നതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രത്യേകമായ രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാത്ത നായകളിലും പേവിഷബാധ കണ്ടെത്തുന്നതായി പരിശോധനകള്‍ സൂചിപ്പിക്കുന്നു. തെരുവ് നായകള്‍ക്ക് പുറമേ പൂച്ചകള്‍ അടക്കം മറ്റു ജീവികളിലും റാബീസ് ബാധ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
തെരുവ് നായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഈ വിവരങ്ങള്‍ ആരോഗ്യ-മൃഗസംരക്ഷണ വകുപ്പുകള്‍ക്ക് ആശങ്കയുയര്‍ത്തുന്നവയാണ്.