india

വംശീയ അധിക്ഷേപം; യുഎസില്‍ ഇന്ത്യന്‍ ടെക്കി പൊലീസിന്റെ വെടിയേറ്റ് മരിച്ചു

By webdesk17

September 19, 2025

വാഷിങ്ടണ്‍: യുഎസില്‍ തെലങ്കാന സ്വദേശിയും സോഫ്‌റ്റ്വെയര്‍ പ്രഫഷനലുമായ മുഹമ്മദ് നിസാമുദ്ദീന്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. കാലിഫോര്‍ണിയയിലെ സാന്താ ക്ലാരയിലാണ് സെപ്റ്റംബര്‍ 3-ന് സംഭവം. എസി ഇടുന്നതിനെ ചൊല്ലിയുണ്ടായ റൂംമേറ്റുമായുള്ള തര്‍ക്കമാണ് ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.

സംഭവ സമയത്ത് നിസാമുദ്ദീനെ കത്തിയുമായി കണ്ടെത്തിയതായും, റൂംമേറ്റ് കുത്തേറ്റു കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. നിസാമുദ്ദീന്‍ അക്രമാസക്തനായതോടെ വെടിവെയ്പ് നടത്തേണ്ടി വന്നുവെന്നാണ് വാദം. പരിക്കേറ്റ റൂംമേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഫ്‌ലോറിഡയിലെ ഒരു കോളജില്‍ ബിരുദാനന്തര ബിരുദം നേടിയ നിസാമുദ്ദീന്‍ സാന്താ ക്ലാരയിലെ ടെക് സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. ശാന്തസ്വഭാവക്കാരനായ മകന്‍ വംശീയ അധിക്ഷേപം നേരിട്ടിരുന്നതായും സഹായത്തിനായി തന്നെയാണ് പൊലീസിനെ വിളിച്ചതെന്നും കുടുംബം ആരോപിച്ചു.

പോലീസ് വിളിക്കപ്പെട്ട സമയത്ത് തന്നെ ഇരുവരും തമ്മിലുള്ള സംഘര്‍ഷം ആക്രമണത്തിലേക്ക് മാറിയിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച നിസാമുദ്ദീന്‍ മരിച്ചു.