Culture

നടി നയന്‍താരക്കെതിരെ ലൈംഗിക പരാമര്‍ശം നടത്തിയ രാധാരവിയെ ഡി.എം.കെ സസ്‌പെന്‍ഡ് ചെയ്തു

By chandrika

March 25, 2019

ചെന്നൈ: തെന്നിന്ത്യന്‍ നടി നയന്‍താരക്കെതിരെ ലൈംഗികത പരാമര്‍ശം നടത്തിയ നടന്‍ രാധാ രവിയെ ഡി.എം.കെ സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാല്‍ പ്രാഥമിക അംഗത്വത്തില്‍നിന്നും എല്ലാ പദവികളില്‍നിന്നും രാധാ രവിയെ നീക്കുന്നതായി ഡി.എം.കെ ജനറല്‍ സെക്രട്ടറി കെ.അന്‍പഴകന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. നയന്‍താരയുടെ പുതിയ ചിത്രമായ ‘കൊലയുതിര്‍ കാലം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിംഗിനിടെയായിരുന്നു രാധാരവി താരത്തെ അധിക്ഷേപിച്ചു കൊണ്ട് പ്രസംഗിച്ചത്.

തമിഴ്‌നാട്ടിലെ ജനങ്ങള്‍ എല്ലാം പെട്ടെന്ന് മറക്കുന്നവരാണ്. അതുകൊണ്ടാണ് നയന്‍താരയുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്കുമപ്പുറം അവര്‍ ഇപ്പോഴും താരമായിരിക്കാന്‍ കാരണം. തമിഴില്‍ പ്രേതമായും തെലുങ്കില്‍ സീതയായും നയന്‍താര അഭിനയിക്കുന്നു. ഇപ്പോള്‍ അഭിനയിക്കുന്നവരുടെ എന്ത് തന്നെയായാലും കുഴപ്പമില്ല ആര്‍ക്കും ഇവിടെ സീതയാകാം. എന്റെ കാലത്ത് കെ.ആര്‍ വിജയയെ പോലുള്ള നടിമാരാണ് സീതയുടെ വേഷം ചെയ്തിരുന്നത്’എന്നും രാധാരവി പറഞ്ഞു.

താരത്തിന്റെ വ്യക്തി ജീവിതത്തെ കൂടി കടന്നാക്രമിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ചിത്രം പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിച്ചതിനെയും അദ്ദേഹം പരിഹസിച്ചിരുന്നു. തുടര്‍ന്ന് ഗായിക ചിന്മയി, സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ തുടങ്ങിയവര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.