Video Stories

അയോഗ്യനാക്കിയ ശേഷം രാഹുല്‍ ഗാന്ധിയുടെ ആദ്യ വയനാട് സന്ദര്‍ശനം നാളെ, കൂടെ പ്രിയങ്കയും പങ്കെടുക്കും

By webdesk13

April 10, 2023

അയോഗ്യത നടപടിക്ക് ശേഷം മണ്ഡലത്തിലെ വോട്ടര്‍മാരെ കാണാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നാളെ കല്‍പ്പറ്റയിലെത്തും. രാഹുലിനൊപ്പം സഹോദരി പ്രിയങ്കാഗാന്ധി റോഡ്‌ഷോയിലും സമ്മേളനത്തിലും പങ്കെടുക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.

പതിനായിരകണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കുന്ന റോഡ്‌ഷോ ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ കല്‍പ്പറ്റ എസ്‌കെഎംജെ ഹൈസ്‌ക്കൂള്‍ പരിസരത്ത് നിന്നാണ് ആരംഭിക്കുന്നത്. സത്യമേവ ജയതേ എന്ന പേരില്‍ നടക്കുന്ന ഈ റോഡ്‌ഷോയിലേക്ക് രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും എത്തിച്ചേരും.

റോഡ്‌ഷോയ്ക്ക് ശേഷം കല്‍പ്പറ്റ എംപി ഓഫീസിന് മുന്‍വശത്തായി പ്രത്യകം സജ്ജമാക്കിയ വേദിയില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സംസാ്ക്കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ കേരളത്തിലെ പ്രമുഖ സംസാക്കാരികപ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷനേതാവ് വിഡി സതീഷന്‍, പികെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം മോന്‍സ് ജോസഫ് എംഎല്‍എ തുടങ്ങിയ നിരവധി നേതാക്കള്‍ പങ്കെടുക്കും.