സംഘ് പരിവാര്‍ അനുകൂല മാധ്യമ പ്രവര്‍ത്തനത്തിന് പേരുകേട്ട ചാനലാണ് സീ ന്യൂസ്. ബി.ജെ.പി നയങ്ങളെയും നേതാക്കളെയും മഹത്വവല്‍ക്കരിക്കാനും എതിരാളികളെ തെരഞ്ഞു പിടിച്ച് ആക്രമിക്കാനും പ്രത്യേക ‘സിദ്ധി’ തന്നെയുണ്ട് സുധീര്‍ ചൗധരി നയിക്കുന്ന ചാനലിന്. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഗുജറാത്തില്‍ പ്രചരണം നടത്തുന്ന രാഹുല്‍ ഗാന്ധിക്കു പിന്നാലെയും സീ ന്യൂസ് സജീവമായി ഉണ്ട്.

ഇന്നലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സീ ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ രാഹുല്‍ ഗാന്ധിയോട് ചോദ്യം ചോദിച്ചതും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അതിനെ രസകരമായ രീതിയില്‍ കൈകാര്യം ചെയ്തതും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അമിത് ഷായുടെ മകന്‍ ജയ് നടത്തുന്ന കമ്പനിക്ക് മോദി അദികാരത്തിലെത്തിയ ശേഷം ഒരു വര്‍ഷം കൊണ്ട് ഭീമമായ വളര്‍ച്ച ഉണ്ടായ വാര്‍ത്തയെ പറ്റിയായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം. സീ ന്യൂസ് റിപ്പോര്‍ട്ടറെ കൊണ്ടു തന്നെ മറുപടി പറയിച്ചാണ് രാഹുല്‍ തിളങ്ങിയത്. പ്രധാനമന്ത്രി ആയതിനു ശേഷം ഇതുവരെ മാധ്യമങ്ങളെ കണ്ടിട്ടില്ലാത്ത നരേന്ദ്ര മോദി, മാധ്യമങ്ങള്‍ക്കു മുന്നില്‍ ധൈര്യത്തോടെ പ്രത്യക്ഷപ്പെടുന്ന രാഹുല്‍ ഗാന്ധിയില്‍ നിന്ന് പഠിക്കണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

റിപ്പോര്‍ട്ടര്‍: അമിത്ഷായുടെ മകന്റെ കമ്പനിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്താണ് താങ്കളുടെ അഭിപ്രായം?

രാഹുല്‍: താങ്കള്‍ ചോദിച്ചത് നല്ലാരു ചോദ്യമാണ്. ഭയമില്ലാത്തയാളാണ് താങ്കള്‍, ധൈര്യവാനാണ്. പേര് പറയാമോ?

(റിപ്പോര്‍ട്ടര്‍ പേര് പറയാന്‍ മടിക്കുന്നു. രാഹുല്‍ വീണ്ടും ചോദിക്കുന്നു)

റിപ്പോര്‍ട്ടര്‍: ഗൗരവ് പട്ടേല്‍

രാഹുല്‍: ഇതാ ഗൗരവ് പട്ടേല്‍ജി. അദ്ദേഹം ധൈര്യശാലിയാണ്. അദ്ദേഹത്തിന് മോദിജിയെയും അമിത് ഷാ ജിയെ ഭയമില്ല. ഇദ്ദേഹം വളരെ നല്ലൊരു ചോദ്യമാണ് ചോദിച്ചിരിക്കുന്നത്. ഒന്നുകൂടി ചോദിക്കാമോ?

റിപ്പോര്‍ട്ടര്‍: അനധികൃതമായാണ് ഈ കമ്പനി ഇത്രയും ലാഭം ഉണ്ടായിരിക്കുന്നത് എന്നാണ് അറിയുന്നത്, ഇതില്‍ താങ്കളുടെ അഭിപ്രായമെന്താണ്? ആര്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്തം?

രാഹുല്‍: അതായത് 50000 രൂപ ലാഭമുള്ള കമ്പനി ഒറ്റയടിക്ക് 80 കോടി ലാഭമുള്ള കമ്പനിയായി മാറി എന്നല്ലേ. അതായാത് 3 വര്‍ഷം കൊണ്ട് 16000 ഇരട്ടി വരുമാനം. നിങ്ങള്‍ ധൈര്യശാലിയാണ്. എന്നാല്‍ എന്തുകൊണ്ടാണ് നിങ്ങള്‍ ഇതിന് മറുപടി പറയാത്ത്? എങ്ങനെയാണ് ഇത് സംഭവിച്ചിട്ടുണ്ടാകുക? നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്? 2014 ല്‍ 50,000 രൂപയുടെ മാത്രം മൂല്യമുള്ള കമ്പനി 2014 ന് ശേഷം അത് 80 കോടിയായി. നിങ്ങള്‍ക്ക് എന്താണ് ഇതില്‍ തോന്നുന്നത്? ഇത് എങ്ങനെ സംഭവിക്കും? ഒട്ടും ഭയക്കാതെ താങ്കള്‍ക്ക് തോന്നുന്നത് പറയൂ.

റിപ്പോര്‍ട്ടര്‍: സര്‍, ഞാന്‍ താങ്കളോടാണ് ചോദ്യം ചോദിച്ചത്.

രാഹുല്‍: താങ്കള്‍ക്ക് എന്താണ് തോന്നുന്നത്? താങ്കള്‍ ഒരു മാധ്യമപ്രവര്‍ത്തകനാണ്. നിയപരമായി നടക്കുന്ന സ്ഥാപനത്തില്‍ നിന്ന് ഇത്തരമൊരു ലാഭം ഉണ്ടാകുമോ? താങ്കള്‍ക്ക് ഇതിന്റെ ഉത്തരം കൃത്യമായി അറിയാം. ഗുജറാത്തിലുള്ളവര്‍ക്കും ഈ ലോകത്തിന് മുഴുവനും ഇതിന്റെ ഉത്തരം അറിയാം. എന്നിട്ടും താങ്കള്‍ എന്നോട് അതേപ്പറ്റി ചോദി്ചിരിക്കുന്നു. അതിനുള്ള ധൈര്യം കാണിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍.