അഹമ്മദാബാദ്: ഗുജറാത്തില്‍ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്. ഗുജറാത്തില്‍ പ്രളയ ദുരന്തം അനുഭവിക്കുന്ന ബനസ്‌കന്ധ മേഖല സന്ദര്‍ശിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. അക്രമത്തില്‍ രാഹുലിന്റെ സുക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. അതേസമയം അക്രമത്തിന്റെ പിന്നില്‍ ബി.ജെ.പിയാണെന്നും അക്രമികള്‍ മോദി അനുകൂല മുദ്രാവാക്യം വിളിച്ചതായും കോണ്‍ഗ്രസ് ആരോപിച്ചു.

ആള്‍ക്കൂട്ടത്തിനിടെ നിന്നും സിമന്റ് കട്ടകൊണ്ടാണ് കാറിനു നേരെ ഏറ് വന്നത്. വാഹനത്തിന്റെ ചില്ലുകള്‍ പൂര്‍ണമായി തകര്‍ന്നു. എന്നാല്‍ എസ്പിജി കമാന്‍ഡോസിനൊപ്പം യാത്രചെയ്യുകയായിരുന്ന രാഹുലിന് പരിക്കേറ്റിട്ടില്ല.


അതേസമയം രാഹുല്‍ ഗാന്ധി ഒഴിഞ്ഞു മാറിയതുകൊണ്ടാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. രാഹുലിനെതിരെ അക്രമം നടത്തിയതൊന്ന് കൊണ്ടൊന്നും പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാന്‍ കഴിയില്ലെന്ന് മനു അഭിഷേക് സിങ്വി പറഞ്ഞു.