india

‘അവര്‍ മാത്രമാണ് മോദിയുടെ സുഹൃത്തുക്കള്‍’, ‘ബാക്കിയുള്ളവര്‍ അര്‍ബന്‍ നക്‌സലുകള്‍’; രാഹുല്‍ ഗാന്ധി

By Test User

December 15, 2020

ഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. വിദ്യാര്‍ത്ഥികളും കര്‍ഷകരും മോദിക്ക് ശത്രുക്കളാണ് ക്രോണി ക്യാപിറ്റലിസ്റ്റുകള്‍ മാത്രമാണ് മോദിയുടെ സുഹൃത്തുക്കള്‍ എന്നായിരുന്നു രാഹുല്‍ ട്വിറ്ററിലൂടെ പറഞ്ഞത്.

‘മോദി സര്‍ക്കാരിന്, വിമര്‍ശിക്കുന്ന വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധരാണ് ആശങ്കയുള്ള പൗരന്മാര്‍ അര്‍ബന്‍ നക്‌സലുകളാണ് അതിഥി തൊഴിലാളികള്‍ കോവിഡ് വാഹകരാണ് ബലാത്സംഗത്തിനിരയായവര്‍ ആരുമല്ല പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഖാലിസ്ഥാനികളാണ്

ക്രോണി ക്യാപിറ്റലിസ്റ്റുകള്‍ ഉറ്റ സുഹൃത്തുക്കളുമാണ്’, രാഹുല്‍ പറഞ്ഞു. കര്‍ഷകരെ പിന്തുണച്ച് നേരത്തെയും രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ 20ാം ദിവസവും സമരം തുടരുകയാണ്.

സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം. രാജസ്ഥാനിലെ ഷാജഹാന്‍പുര്‍, ഹരിയാനയിലെ പല്‍വല്‍ എന്നിവിടങ്ങളില്‍ സമരം ശക്തമാക്കും. വരും ദിവസങ്ങളില്‍ രണ്ടിടത്തും പരമാവധി കര്‍ഷകരെ എത്തിക്കാനാണ് നീക്കം. ഷാജഹാന്‍പുരില്‍ എത്തുന്നവര്‍ ഡല്‍ഹി ജയ്പുര്‍ ദേശീയപാത തടയും.

രാജ്യതലസ്ഥാനത്തെ നാല് അതിര്‍ത്തികള്‍ക്കു പുറമേ, ഡല്‍ഹി ജയ്പുര്‍ ദേശീയപാതയും ആഗ്ര ഡല്‍ഹി എക്‌സ്പ്രസ്പാതയുമടക്കം തലസ്ഥാനത്തേക്കുള്ള അഞ്ചു ദേശീയപാതകളും ഇന്നലെ ഉപരോധത്തില്‍ സ്തംഭിച്ചു.

ഡല്‍ഹിയു.പി. അതിര്‍ത്തിയിലും ഹരിയാന അതിര്‍ത്തിയായ തിക്രിയിലും നിരാഹാരസമരം നടന്നു. സമരം കൂടുതല്‍ ശക്തമാക്കാന്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍നിന്നായി കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്കു വന്നുകൊണ്ടിരിക്കുന്നുവെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

അതിര്‍ത്തികളിലേക്കു കൂടുതല്‍ കര്‍ഷകര്‍ പ്രവഹിക്കാന്‍ തുടങ്ങിയതോടെ ഡല്‍ഹി പൊലീസിനു പുറമേ, ദ്രുത കര്‍മസേനയെയും അര്‍ധസൈനികരെയും അധികമായി സുരക്ഷയ്ക്കു വിന്യസിച്ചു.

അതിനിടെ, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ വീണ്ടും നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ പറഞ്ഞു.