കോഴിക്കോട്: വയനാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ പതിനൊന്ന് മണിക്കാണ് ജില്ലാ കളക്ടര്‍ മുന്‍പാകെ പത്രിക സമര്‍പ്പിക്കുന്നത്. തുടര്‍ന്ന് റോഡ് ഷോ ഉണ്ടായിരിക്കും. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നിന്ന് രാഹുല്‍ഗാന്ധി ഒന്‍പത് മണിയോടെ ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടിലേക്ക് തിരിച്ചു. കല്പറ്റയിലെ എ.കെ.എം.ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലായിരിക്കും ഹെലികോപ്ടര്‍ ഇറക്കുക. തുടര്‍ന്ന്് രണ്ടര കിലോമീറ്റര്‍ അപ്പുറത്തുള്ള കലക്ടറേറ്റിലേക്ക് റോഡ് മാര്‍ഗം എത്തും.

പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. ഇന്നലെ രാത്രി കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തിയ രാഹുല്‍ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ഉമ്മന്‍ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലും കോഴിക്കോട് ഗസ്റ്റ് ഹൗസിലുമായിപ്രവര്‍ത്തകര്‍ രാഹുലിനെയും പ്രിയങ്കയേയും സ്വീകരിച്ചു.