രാജ്കോട്ട്: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ 274 റൺസ് പടുത്തുയർത്തി. കെഎൽ രാഹുലിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്കെത്തിച്ചത്. പുറത്താകാതെ നിന്ന് 93 പന്തിൽ 112 റൺസാണ് രാഹുൽ അടിച്ചുകൂട്ടിയത്. ടോസ് നേടിയ ന്യൂസിലൻഡ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലൻഡിനായി ക്രിസ് ക്ലാർക് രണ്ട് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പതിഞ്ഞ തുടക്കമാണ് കണ്ടത്. പേസർ കൈലി ജെയിംസ് എറിഞ്ഞ ആദ്യ അഞ്ച് ഓവറുകളിൽ മൂന്ന് മെയ്ഡൻ ഓവറുകളാണ് ഉണ്ടായത്. എന്നാൽ പിന്നീട് താളം കണ്ടെത്തിയ ശുഭ്മൻ ഗിൽ അർധസെഞ്ച്വറി നേടി. 53 പന്തിൽ 56 റൺസാണ് ഗിൽ നേടിയത്. 12-ാം ഓവറിൽ രോഹിത് ശർമ (38 പന്തിൽ 24) പുറത്തായതോടെ ഓപ്പണിംഗ് കൂട്ടുകെട്ട് തകർന്നു.
തുടർന്ന് ലെഗ് സൈഡിലേക്ക് പുൾ ഷോട്ടിന് ശ്രമിച്ച ഗില്ലിനെ ഡാരിൽ മിച്ചൽ ക്യാച്ചെടുത്ത് പുറത്താക്കി. പിന്നാലെ ഇറങ്ങിയ വിരാട് കോഹ്ലിക്കും ശ്രേയസ് അയ്യർക്കും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. ഇരുവരെയും പുറത്താക്കിയത് ക്രിസ് ക്ലാർക്കാണ്.
പരുങ്ങലിലായ ഇന്ത്യയെ കരകയറ്റിയത് കെഎൽ രാഹുലിന്റെ സെഞ്ച്വറിയായിരുന്നു. രവീന്ദ്ര ജഡേജ 44 പന്തിൽ 27 റൺസും, ഹർഷിത് റാണ നാല് പന്തിൽ രണ്ട് റൺസും നേടി. മുഹമ്മദ് സിറാജ് രണ്ട് റൺസോടെ പുറത്താകാതെ നിന്നു. ന്യൂസിലൻഡിനായി ക്രിസ് ക്ലാർക് രണ്ട് വിക്കറ്റ് നേടി.