ന്യൂഡല്‍ഹി: ലോക്സഭയില്‍ ഇന്ത്യ-ചൈന വിഷയം ഉന്നയിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വീണ്ടും തടഞ്ഞ് സ്പീക്കര്‍. ഇതിനു പിന്നാലെ സ്പീക്കറുടെ ചെയറിലേക്ക് പേപ്പര്‍ കീറി എറിഞ്ഞ് പ്രതിഷേധിച്ച എംപിമാരെ സസ്പെന്റ് ചെയ്തു. ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരുള്‍പ്പെടെ എട്ട് പ്രതിപക്ഷ എംപിമാരെയാണ് സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
ബഹളത്തിനൊടുവില്‍ സഭ ഇന്നത്തേക്ക് പിരിഞ്ഞു. മണിക്കം ടാഗോര്‍, അമരീന്ദര്‍ സിങ് രാജാ വാറിങ്, ഗുര്‍ദീപ് സിങ് ഓജ്ല, പ്രശാന്ത് പഡോലെ, കിരണ്‍ കുമാര്‍ റെഡ്ഡി, എസ്. വെങ്കട്ടരാമന്‍ എന്നിവരാണ് സസ്പെന്‍ഷന്‍ ലഭിച്ച മറ്റ് എംപിമാര്‍.
മുന്‍ സൈനിക മേധാവി ജനറല്‍ എം.എം നരവനെയുടെ പുസ്തകത്തിലെ ഭാഗങ്ങള്‍ രാഹുല്‍ ചൂണ്ടിക്കാട്ടിയതോടെ ഭരണപക്ഷം എതിര്‍പ്പുമായി ശബ്ദമുയര്‍ത്തി. ഇതോടെ സ്പീക്കര്‍ പ്രസംഗം തടയുകയായിരുന്നു. നരവനെയുടെ ലേഖനം വായിക്കാന്‍ തനിക്ക് അനുവാദം നല്‍കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. എന്നാല്‍, പറഞ്ഞ കാര്യം രാഹുലിന് ആവര്‍ത്തിക്കാന്‍ പറ്റില്ലെന്ന് കിരണ്‍ റിജിജു പറഞ്ഞു. വിഷയത്തില്‍ ഇന്നലെ തന്നെ സ്പീക്കറുടെ റൂളിങ് ഉണ്ടായിരുന്നതായും റിജിജു പറഞ്ഞു.
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുമേല്‍ മറുപടി പറയാനാണ് രാഹുലിന് അനുമതി നല്‍കിയിട്ടുള്ളത് എന്ന് സ്പീക്കര്‍ പറഞ്ഞു. ഒരിക്കല്‍ റൂളിങ് നല്‍കിയാല്‍ ലംഘിക്കരുത്. പ്രതിപക്ഷ നേതാവ് സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് അവസരം നല്‍കുമെന്നും സ്പീക്കര്‍ പറഞ്ഞു. സഭ ഭരണപക്ഷത്തിന് സംസാരിക്കാന്‍ മാത്രമുള്ളതാണോയെന്ന് കെ.സി വേണുഗോപാല്‍ ചോദിച്ചു. കിരണ്‍ റിജിജു തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വേണുഗോപാലിന്റെ മൈക്ക് ഓഫാക്കി.