kerala

‘റോയ് മരിച്ചിട്ടും റെയ്ഡ് തുടര്‍ന്നു, മരണത്തിന് ഉത്തരവാദി ആദായ വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍’

By Lubna Sherin K P

January 30, 2026

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗം സംബന്ധിച്ച വളരെ ദൗര്‍ഭാഗ്യകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ആദായനികുതി വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നിരന്തരമായ ചോദ്യം ചെയ്യലും മാനസിക പീഡനവുമാണ് റോയി ജീവനൊടുക്കാന്‍ കാരണമെന്ന് നയിച്ചതെന്ന് സഹോദരന്‍ ബാബു റോയ് ആരോപിക്കുന്നു. ആദായനികുതി വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ കൃഷ്ണപ്രസാദാണ് മരണത്തിന് ഉത്തരവാദിയെന്ന് കുടുംബം വ്യക്തമായി ആരോപിക്കുന്നുണ്ട്. റോയ് മരിച്ചതിന് ശേഷവും ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടര്‍ന്നുവെന്നും കുടുംബം പറയുന്നു.

കഴിഞ്ഞ ഡിസംബറിലും സ്ഥാപനത്തില്‍ റെയ്ഡ് നടന്നിരുന്നു. അന്ന് ആവശ്യപ്പെട്ട രേഖകളെല്ലാം സമര്‍പ്പിച്ചതാണെന്ന് കുടുംബം പറയുന്നു. സംഭവം നടന്ന ദിവസം, ബെംഗളൂരു അശോക് നഗറിലെ ഓഫീസില്‍ ഉച്ചയ്ക്ക് എത്തിയ റോയിയെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. തുടര്‍ന്ന് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ, ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ച് തന്നെ അദ്ദേഹം ലൈസന്‍സുള്ള സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

തൃശൂര്‍ സ്വദേശിയായ റോയ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയൊരു സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തിരുന്നു. കടങ്ങളില്ലാതെ പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കുന്ന രീതിയാണ് അദ്ദേഹം പിന്തുടര്‍ന്നിരുന്നത്. അറബ് ലോകത്തെ സ്വാധീനമുള്ള ഇന്ത്യന്‍ ബിസിനസുകാരുടെ ഫോബ്സ് പട്ടികയില്‍ 14-ാം സ്ഥാനത്ത് റോയ് ഇടംപിടിച്ചിരുന്നു. റിയല്‍ എസ്റ്റേറ്റിന് പുറമെ ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളില്‍ അദ്ദേഹത്തിന് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.